കൊടകര കുഴൽപ്പണ കേസ് : കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

0
85

 

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ശനിയാഴ്‌ച ചോദ്യം ചെയ്യും. രാവിലെ 10ന്‌ തൃശൂർ പൊലീസ്‌ ക്ലബിൽ ഹാജരാകാനാണ്‌ സെക്രട്ടറി ദിപിന്‌ പൊലീസ്‌ നോട്ടീസ്‌ നൽകിയത്‌.

അതിനിടെ കേസ്‌ അന്വേഷണം കോന്നിയിലേക്കും വ്യാപിപ്പിച്ചു. കെ സുരേന്ദ്രൻ മത്സരിച്ച മണ്ഡലമാണിത്‌. കോന്നിയിൽ സുരേന്ദ്രനുൾപ്പെടെ നേതാക്കൾ താമസിച്ച ഹോട്ടലിൽനിന്ന്‌ അന്വേഷണ സംഘം വിവരം ശേഖരിച്ചു. എത്ര മുറി എടുത്തിരുന്നു. ഇതിന്റെ പണമിടപാട്‌ തുടങ്ങിയ വിവരങ്ങളാണ്‌ ശേഖരിച്ചത്‌.

ധർമരാജന്റെ മൊഴിപ്രകാരം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള എൽ പത്മകുമാർ എന്നിവരെ ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ കോന്നിയിലെ അന്വേഷണം.

കേസിൽ ധർമരാജന്റെ സഹോദരൻ ധനരാജനെയും ചോദ്യംചെയ്‌തു. തൃശൂർ പൊലീസ്‌ ക്ലബ്ബിലേക്ക്‌ വിളിച്ചുവരുത്തിയാണ്‌ വെള്ളിയാഴ്‌ച ചോദ്യംചെയ്‌തത്‌. ധർമരാജനൊപ്പം കാറിൽ ധനരാജും ഉണ്ടായിരുന്നതായി സൂചന ലഭിച്ചു. കാറിൽ മൂന്നരക്കോടിയുണ്ടായതായി ധർമരാജൻ കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ്‌ ധനരാജനെയും വിളിപ്പിച്ചത്‌. ധർമരാജന്റെ ഡ്രൈവർമാരെയും ചോദ്യംചെയ്‌തു. ബിജെപി സംസ്ഥാന ഓഫീസ്‌ ജീവനക്കാരൻ മിഥുനെയും ചോദ്യം ചെയ്‌തു.