അന്വേഷണം നിഷ്പക്ഷമായാൽ മോഡിയിൽ വരെ എത്താം: കെ മുരളീധരൻ

0
89

കുഴൽപ്പണ കേസിൽ നിഷ്പക്ഷ അന്വേഷണം ഉണ്ടായാൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയിൽ വരെ ചെന്നെത്തിയേക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി.

ഒരാളും രക്ഷപ്പെടാത്ത രീതിയിൽ അന്വേഷണത്തിന് തയ്യാറാകുമോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം. കേരളത്തിലെ എല്ലാ മതേതരകക്ഷികളും അതിനെ സ്വാഗതം ചെയ്യുമെന്നാണ് പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.

എൽഡിഎഫും യുഡിഎഫുമല്ല കുഴൽപ്പണം ആരോപണം ഉന്നയിച്ചത്. സ്വന്തം പാർട്ടിയിൽ നിന്നുള്ളവരാണ്. ജാനുവിനെ 10 ലക്ഷം കൊടുത്ത് മുന്നണിയിലെത്തിച്ചത് അന്വേഷിക്കണം. സുരേന്ദ്രൻ വികാരാധീനനായിട്ട് കാര്യമില്ല.

ആ പാർട്ടി മൊത്തം സംശയത്തിന്റെ നിഴലിലാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണം എത്തേണ്ട സ്ഥലത്ത് എത്തുമോ എന്നതിൽ സംശയമുണ്ട്. ചില അന്തർധാരകൾ രൂപപ്പെടാൻ സാധ്യതയുണ്ട്.

ഇപ്പോൾ നടക്കുന്ന അന്വേഷണത്തിനൊപ്പം മറ്റൊരു സമഗ്ര അന്വേഷണവും വേണം. കെ സുരേന്ദ്രൻ സമർപ്പിച്ച ചെലവ് കണക്കിൽ ഹെലികോപ്ടർ വാടക കാണിച്ചിട്ടുണ്ടോ. മൂന്ന് കോടി വരെ ഓരോ സ്ഥാനാർഥികൾക്കും കേന്ദ്രം കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാൽ അതിൽ ചില സ്ഥാനാർഥികൾ പറയുന്നത് 25 ഉം 30 ലക്ഷം വരെയാണ് തങ്ങളുടെ കൈകളിലെത്തിയതെന്നാണ്.

കുഴൽപ്പണമുൾപ്പടെയുള്ള സാമ്പത്തിക തിരിമറികൾ ബിജെപിയിൽ നടന്നിട്ടുണ്ട്. കുഴൽപ്പണം നൽകിയതും കേന്ദ്ര നേതൃത്വം തന്നെയാണ്, അപ്പോൾ അവരും ഉത്തരവാദിയാണെന്നും മുരളീധരൻ വ്യക്തമാക്കി. കഴിഞ്ഞ കാലത്ത് തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും കോടികൾ ഒഴുക്കിയാണ് ബിജെ.പി പ്രചാരണം നടത്തിയത്.

കോടികളാണ് ബംഗാളിൽ ചെലവാക്കിയത്. അവിടുത്തെ നേതാക്കൾ കിട്ടിയ പണം അടിച്ചുമാറ്റാത്തതിനാൽ പലതും പുറത്തുവന്നില്ല. ഇവിടെ ഇപ്പോൾ മൂന്നര കോടി മാത്രമേ പുറത്തുവന്നിട്ടുള്ളൂ.

പണം വന്ന മാർഗമടക്കം അന്വേഷിക്കേണ്ടതാണ്. ഹെലികോപ്ടർ വാടക സംബന്ധിച്ച്‌ സ്ഥാനാർഥികളുടെ ചെലവിൽ വന്നിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം. സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് തീരുമാനമെടുക്കണം.

ഹൈക്കോടതിയിൽ നിന്നോ സുപ്രീംകോടതിയിൽ നിന്നോ റിട്ടയർ ചെയ്ത ഒരു പ്രമുഖ ജഡ്ജിയെ ഇതിനായി നിയമിക്കണം. എല്ലാ കള്ളത്തരവും പുറത്തുവരണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.