Exclusive കുഴൽപ്പണം ; ബിജെപി അടിയന്തര കോർകമ്മിറ്റി ഞായറാഴ്ച കൊച്ചിയിൽ, അടി മൂക്കും

0
74

കോടികളുടെ കുഴൽപ്പണ കടത്തിൽ കെ സുരേന്ദ്രനും ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ അടിയന്തരകോർകമ്മിറ്റി യോഗം വിളിച്ചുചേർത്ത് ബിജെപി. ഞായറാഴ്ച പകൽ പതിനൊന്നിന് കൊച്ചിയിലാണ് യോഗം. എല്ലാ നേതാക്കളും നേരിട്ട് യോഗത്തിൽ ഹാജരാകണമെന്നാണ് കർശന നിർദ്ദേശം. ആർഎസ്എസ് കേന്ദ്രനേതാക്കളുടെ നിർദ്ദേശത്തെതുടർന്നാണ് അടിയന്തര കോർകമ്മിറ്റി വിളിച്ചുചേർക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രൈവർ ലബീഷിനെയും പ്രത്യേക സംഘം ചോദ്യം ചെയ്തതോടെ ബിജെപി ആകെ ആടിയുലയുകയാണ്. ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെ കേസിൽ ചോദ്യം ചെയ്തത് ആർഎസ്എസ് നേതൃത്വത്തിനും മാനക്കേടായി. ഇതേത്തുടർന്നാണ് നേതൃത്വം അഴിച്ചുപണിയണമെന്ന നിർദ്ദേശം സംഘപരിവാർ മുന്നോട്ടുവെച്ചത്. ഇതിന്റെ ഭാഗമായാണ് കോർകമ്മിറ്റി വിളിച്ചുചേർക്കുന്നതു. സുരേന്ദ്രനെതിരെ ഓരോ ദിവസവും കൂടുതൽ വെളിപ്പെടുത്തൽ പുറത്തുവരുന്നതും മുതിർന്ന നേതാക്കൾ രംഗത്തുവന്നതും ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കി.

നേതാക്കൾ നേരിട്ട് യോഗത്തിനെത്തുന്നതോടെ യോഗത്തിൽ രൂക്ഷമായ വാക്കേറ്റവും സുരേന്ദ്രനും വി മുരളീധരനുമെതിരെയും കൂട്ടായ ആക്രമണവും ഉണ്ടാകും എന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ കടുത്ത ആശങ്കയോടെയാണ് സുരേന്ദ്രൻ പക്ഷം യോഗത്തിനെത്തുക. കുഴൽപ്പണം കടത്ത് സംഘപരിവാർ കുടുംബത്തെയാകെ മാനക്കേടിലാക്കിയെന്നാണ് ആർഎസ്എസ് നേതൃത്വം വിലയിരുത്തുന്നത്.