ഹൈറേഞ്ച് മേഖലയിൽ നേരിയ തോതിൽ ഭൂചലനം. വ്യാഴാഴ്ച രാത്രി 10.03നും 10.10നും ഇടയിലാണ് മുഴക്കത്തോടുകൂടി ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. പത്ത് മുതൽ 15 സെക്കൻഡ് വരെ ശബ്ദം നീടുനിന്നതായും നാട്ടുകാർ പറഞ്ഞു. അതിർത്തി മേഖലകളിലായിരുന്നു കൂടുതലും മുഴക്കം അനുഭവപ്പെട്ടത്.
നെടുങ്കണ്ടം, ഉടുമ്പൻചോല, പാമ്പാടുംപാറ, കമ്പംമെട്ട്, , കുമളി, തൂക്കുപാലം, പുളിയന്മല, കൂട്ടാർ, രാമക്കൽമേട് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നത്. നല്ലരീതിയിൽ ചലനം അനുഭവപ്പെട്ടതായും കതകും ജനലും കുലുങ്ങിയതായും നാട്ടുകാർ പറയുന്നു. ചിലയിടങ്ങളിൽ ഭൂമിക്കടിയിൽനിന്ന് മുഴക്കം കേട്ടതായി പറയപ്പെടുന്നു.
എന്നാൽ, ചോറ്റുപാറ, ആലടി, കുളമാവ്, ഇടുക്കി എന്നിവിടങ്ങളിലെ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയിട്ടില്ല. പ്രഭവകേന്ദ്രം തമിഴ്നാട്ടിലെ ബോഡിനായ്കന്നൂരാണെന്നാണ് നിഗമനം. എന്നാൽ, ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇടുക്കി, കോട്ടയം ജില്ലകളിൽ ഭൂമികുലുക്കം അനുഭവപ്പെട്ടിരുന്നു.