എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

0
80

 

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. 2011-16 കാലത്ത് യുഡിഎഫ് എംഎൽഎയായിരിക്കെ കണ്ണൂർകോട്ടയിൽ ലൈറ്റ് ആന്റ് സൗണ്ട് ഷോ നടത്തുന്നതിനായി അബ്ദുള്ളക്കുട്ടി ഒരുകോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിന്മേലാണ് അന്വേഷണം.

വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അബ്ദുള്ളക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലെത്തി പരിശോധന നടത്തുകയാണ്. ഉദ്യോഗസ്ഥർ അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്തു.

സ്ഥിരം പദ്ധതിയെന്ന പേരിൽ ആരംഭിച്ച ഷോ വെറും ഒരുദിവസം മാത്രമാണ് നടത്തിയതെന്നും വലിയ തുക ഇതിന്റെ പേരിൽ ക്രമക്കേട് നടത്തിയെന്നും ആരോപണമുയർന്നിരുന്നു. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവിൽനിന്ന് ചെലവാക്കിയെന്നും പണം ദുർവ്യയം നടത്തിയെന്നുമാണ് പരാതി.

യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്താണ് ഇത്രയും വലിയ ക്രമക്കേട് നടത്തിയത്. പദ്ധതിക്കായി കൊണ്ടുവന്ന ഉപകരണങ്ങളൊക്കെ തുരുമ്പെടുത്ത് നശിച്ചതും വാർത്തയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ഡിടിപിസിയിൽ വിജിലൻസ് പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട് ഫയൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ റെയ്ഡ് നടന്നത്.

കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേർന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. 2016 ൽ യുഡിഎഫ് സർക്കാർ അധികാരമൊഴിയും മുമ്പേ കണ്ണൂർ കോട്ടയിൽ ഒരു ലെറ്റ് ആന്റ് സൗണ്ട് ഷോ സംഘടിപ്പിക്കുകയും അതിന്റെ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിക്കുകയും ചെയ്തിരുന്നു.