നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ വീണ്ടും ഒന്നാംസ്ഥാനം നേടി കേരളം. കഴിഞ്ഞ തവണത്തെക്കാൾ അഞ്ചു പോയിന്റ് മെച്ചപ്പെടുത്തിക്കൊണ്ടാണ് കേരളം തുടർച്ചയായ നേട്ടം കൊയ്തിരിക്കുന്നത്. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തിന് ലഭിച്ച നേട്ടം അഭിമാനകരമാണ്.
സുസ്ഥിര വികസന സൂചികയിൽ 75 പോയിന്റ് നേടിയാണ് കേരളം ഒന്നാമത് എത്തിയത്. 74 പോയിന്റ് നേടിയ ഹിമാചൽ പ്രദേശും തമിഴ്‌നാടുമാണ് രണ്ടാമത്. സൂചികയിൽ ഏറ്റവും പിറകിലുള്ളത് ബിഹാറും ജാർഖണ്ഡും അസമും ആണ്.സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലും സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക ഘടകങ്ങളിലെ പുരോഗതി വിലയിരുത്തിയാണ് സൂചിക തയ്യാറാക്കപ്പെട്ടത്.
സുസ്ഥിര വികസനസൂചിക റിപ്പോർട്ട് ആരംഭിച്ച 2018ൽ 69 പോയിന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയതെങ്കിൽ 2019ൽ സംസ്ഥാനത്തിന്റെ പോയിന്റ് 70 ആയി ഉയർന്നിരുന്നു. ദാരിദ്ര്യം തുടച്ചു നീക്കൽ, വിശപ്പു രഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം തുടങ്ങി വിവിധ മേഖലകളിൽ കേരളം ആദ്യസ്ഥാനങ്ങളിൽ ഇടംനേടി.
ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ചാണ് നീതി ആയോഗ് റിപ്പോർട്ട് തയ്യാറാക്കിയത്. 16 വിഷയങ്ങളിൽ നേടിയ നേട്ടങ്ങൾ നീതിആയോഗ് സുസ്ഥിര വികസനസൂചികയിൽ പരിഗണിച്ചു.