കോവിഡ്‌ വാക്സിൻ സൗജന്യവും സമയബന്ധിതവുമായി നൽകണം, പ്രമേയം ഐക്യകണ്ഠേന പാസാക്കി നിയമസഭ

0
80

 

കൊവിഡ് വാക്സീൻ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന പ്രമേയം കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കി. വാക്സീൻ വാങ്ങാൻ മറ്റ് സംസ്ഥാനങ്ങളോട് കമ്പോളത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടത് പ്രതിഷേധാർഹമാണെന്ന് പ്രമേയം പറയുന്നു. ചട്ടം 118 അനുസരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.

പൊതുമേഖല ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിർബന്ധിത ലൈസൻസ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്സിൻ നിർമ്മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന അടിയന്തിര ആവശ്യത്തിന് അനുമതി നൽകിയ കമ്പനികളുടെയും യൂറോപ്യൻ മെഡിസിൻസ് ഏജൻസി, യുകെ എംഎച്ച്ആർഎ, ജപ്പാൻ പിഎംഡിഎ, യുഎസ്എഫ്ഡിഎ എന്നിവയുടെ അനുമതിയുള്ള വാക്സീൻ കമ്പനികൾക്കും ഇളവ് നൽകാമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

ചോദ്യോത്തര വേളയിൽ അടിയന്തിര പ്രമേയത്തെ ചൊല്ലി ഏറ്റുമുട്ടൽ നടന്നിരുന്നെങ്കിലും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചില്ല. പിന്നീടാണ് ആരോഗ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ അനുകൂലിച്ച പ്രതിപക്ഷം ചെറിയ ഭേദഗതികൾ ആവശ്യപ്പെട്ടു. ഇത് കൂടി അംഗീകരിച്ചാണ് പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്.