കൊടകര കുഴല്‍പ്പണക്കേസ്: ചര്‍ച്ചയ്ക്കിടെ വിനു വി ജോണിന് ഭീഷണി, സന്ദേശം അയച്ചത് കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍

0
128

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെ കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ ഭീഷണി സന്ദേശമയച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍. രാത്രി ഒമ്പതു മണിയുടെ ന്യൂസ് അവർ ചർച്ചക്കിടെ വിനു തന്നെയാണ് ഇക്കാര്യം ഓൺ എയറിൽ വെളിപ്പെടുത്തിയത്. കേരളത്തിലെ ഉയര്‍ന്ന കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയതെന്ന് വിനു തുറന്നുപറഞ്ഞു. ഡു നോട്ട് ടു ബീ ടൂ സ്മാര്‍ട്ട് എന്നായിരുന്നു ആ സന്ദേശമെന്ന് കയ്യിലിരുന്ന ഫോൺ നോക്കി വിനു വായിച്ചു. ചര്ച്ച അവസാനിക്കാറായ ഘട്ടത്തിലാണ് ഭീഷണി മുഴക്കിയുള്ള സന്ദേശം വിനുവിന് ലഭിച്ചത്.

സന്ദേശം ലഭിച്ചശേഷം വിനു പറഞ്ഞത്- നമ്മുടെ കേന്ദ്ര ഏജന്‍സികള്‍ എത്ര പ്രതികാരത്തോടെ ആളുകളുമായി ഇടപെടും എന്നെനിക്ക് മനസിലായി. എത്ര പ്രതികാരബുദ്ധിയോടെ ആളുകളെ ഭീഷണിപ്പെടുത്തും. ഈ കിട്ടിയ മെസേജില്‍ പോലും അതുണ്ട്. തല്‍ക്കാലം ഇവിടെ വായിക്കുന്നില്ല. “ഡു നോട്ട് ടു ബീ ടൂ സ്മാര്‍ട്ട്” എന്നാണ്. ഞാന്‍ പേര് പറയുന്നില്ല. പറയേണ്ടപ്പോള്‍ പറയും. അതായത് ഈ ചര്‍ച്ചയെപ്പോലും ഭീഷണിപ്പെടുത്തുന്ന, ഇതില്‍ പറയുന്ന കാര്യങ്ങള്‍ പോലും ഭീഷണിക്കായുധമാക്കുന്ന കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചോളൂ. ഇനി എന്നെ അന്വേഷിച്ച്‌ കുടുക്കുമെന്നാണെങ്കില്‍ എന്തും അന്വേഷിക്കാം. സ്വാഗതം. വെറുതെ പറയുന്നതല്ല. ഇത് പറയുമ്പോൾ പോലും പൊള്ളുന്ന ഉദ്യോഗസ്ഥര്‍ കേരളത്തില്‍ കോടിക്കണക്കിന് ഹവാല പണം വന്നിട്ട്, കള്ളപ്പണം വന്നിട്ട്, മിണ്ടാതിരിക്കുന്നവര്‍ ആരെയാണ് ഭീഷണിപ്പെടുത്തുന്നത്. ഇ.ഡി ഏമാന്മാരുടെ ഭീഷണിയൊക്കെ കൈയില്‍ വച്ചാല്‍ മതിയെന്ന് മാത്രമെ എനിക്ക് പറയാന്‍ കഴിയൂ. കൂടുതല്‍ സ്മാര്‍ട്ടാകേണ്ട് പറഞ്ഞാല്‍ പേടിക്കാന്‍ വേറെ ആളെ നോക്കിയാല്‍ മതിയെന്നെ എനിക്ക് ഉന്നതനായ ഉദ്യോഗസ്ഥനോട് പറയാനുള്ളൂ.

ഇപ്പോൾ താൻ ആ പേര് പറയുന്നില്ലെന്നും പറയേണ്ട സമയത്ത് പരസ്യമായി തന്നെ പറയുമെന്നും വിനു ചർച്ചക്കിടെ വ്യക്തമാക്കി.