സുരേന്ദ്രൻ കുടുങ്ങി, കള്ളപ്പണം ബിജെപിയുടേത് തന്നെ

0
19

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതൃത്വത്തിലേക്കുള്ള അന്വേഷണം കൂടുതല്‍ കുരുക്കിലേക്ക്. മാത്രവുമല്ല, ഇതുവരെ പറഞ്ഞുനിന്നിരുന്ന പലകാര്യങ്ങളും പൊളിയുകയുമാണ്. ലഭിച്ച കവര്‍ച്ചാ പണം ബി.ജെ.പിയുടേത് തന്നെ എന്ന് സ്ഥിരീകരിക്കുന്ന നിര്‍ണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. ബി.ജെ.പിയിലെ പ്രമുഖനായ നേതാവും ധര്‍മരാജനും ഏപ്രില്‍ 3,4 ദിവസങ്ങില്‍ 22 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കൊടകര കുഴല്‍പ്പണ കവര്‍ച്ചകേസില്‍ ബിജെപി സംഘടനാജനറൽ സെക്രട്ടറി എം ഗണേഷ് മൊഴിയായി നൽകിയ എല്ലാ കാര്യങ്ങളും പച്ചക്കള്ളം. ധര്‍മ്മരാജന് തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നുവെന്നും സംഘടനാപരമായ കാര്യങ്ങള്‍ സംസാരിക്കാനാണ് ധര്‍മ്മരാജനെ ഫോണില്‍ ബന്ധപ്പെട്ടതും എന്നായിരുന്നു ഗണേശന്റെ മൊഴി. എന്നാൽ, ധര്‍മ്മരാജന്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യാതൊരു ചുമതലയും വഹിച്ചിട്ടില്ലെന്നു കണ്ടെത്തി.

തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ധര്‍മ്മരാജനെ ഏല്‍പ്പിച്ചിരുന്നുവെന്നായിരുന്നു ഗണേഷന്റെ മൊഴി. എന്നാല്‍ ഇത് വാസ്തവമല്ലെന്ന് അന്വേഷണം സംഘം കണ്ടെത്തി. ധര്‍മ്മരാജനുമായി പണത്തിന്റെ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്ന ഗണേഷന്റെ മൊഴിയും അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊളിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളും കൊണ്ടല്ല ധര്‍മ്മരാജന്‍ തൃശ്ശൂര്‍ എത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തി. പുതിയ കണ്ടെത്തലുകള്‍ കൂടി പുറത്തുവന്നതോടെ ബിജെപി നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്. കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടേത് തന്നെയാണെന്ന് ധര്‍മരാജന്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ടുതവണ ചോദ്യം ചെയ്തപ്പോഴും ധര്‍മ്മരാജന്‍ പോലീസിന് നല്‍കിയത് ഇതേ മൊഴി തന്നെയാണ്. കേസില്‍ മുഖ്യ പ്രതിയായ ധര്‍മരാജനെ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ വിതരണം ചെയ്യാന്‍ ചുമതലപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം സംസാരിക്കാനാണ് ഫോണില്‍ ബന്ധപ്പെട്ടതെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറിയുടെ മൊഴി. ഈ മൊഴിയും കള്ളമാണെന്നുവ്യക്തമാവുകയാണ്. ധര്‍മ്മരാജന് ബി.ജെ.പിയില്‍ യാതൊരു പദവികളുമില്ല. തെരഞ്ഞെടുപ്പ് ചുമതലകളും ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കുഴല്‍പ്പണം കടത്തിയ ധര്‍മ്മരാജന് മുറി ബുക്ക് ചെയ്തത് ബിജെപിയുടെ ജില്ലാ നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്ന് ബിജെപി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

അതിനിടെ കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ബിജെപി പണമിടപാടുകളുടെ മുഖ്യ ചുമതലക്കാർ സംസ്ഥാന പ്രസിഡന്റും സംഘടനാ ജനറൽ സെക്രട്ടറിയുമാണ്‌. സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെയും സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ജി ഗിരീഷിനെയും ചോദ്യം ചെയ്‌തു. ഇതിന്റെ തുടർച്ചയായി സംസ്ഥാന പ്രസിഡന്റിന്റെയും മൊഴിയെടുക്കേണ്ടി വരുമെന്നാണ് സൂചന. കുഴൽപ്പണ കവർച്ചയുടെ അന്വേഷണം ബിജെപി സംസ്ഥാന നേതാക്കളിലേക്ക്‌ നീങ്ങിയതോടെ ആർഎസ്‌എസും വെട്ടിലായിട്ടുണ്ട്. ബിജെപിയിലെ ഒരു ഗ്രൂപ്പും ആർഎസ്‌എസും ചേർന്നുള്ള ഇടപാടാണിതെന്ന സൂചന അന്വേഷണസംഘത്തിന്‌ തുടക്കംമുതൽ ലഭിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ ഓരോ നിയമസഭാ മണ്ഡലത്തിന്റെയും മുഖ്യചുമതല ആർഎസ്‌എസിനായിരുന്നു. കുഴൽപ്പണ ഇടപാടിലും ആർഎസ്‌എസ്‌ ഉന്നതന്മാർ ഇടപെട്ടു എന്നാണ്‌ വിവരം. അന്വേഷണം സംഘപരിവാറിലേക്കെത്തിയതോടെ കൊള്ളയിൽ പങ്ക്‌ ആർക്കൊക്കെയാണ് എന്ന് അന്വേഷിക്കാൻ കേന്ദ്ര നേതൃത്വം ഇറങ്ങിയിട്ടുണ്ട്‌. വാഹനാപകടമുണ്ടാക്കി 25 ലക്ഷം രൂപ തട്ടിയെന്ന ധർമരാജന്റെ പരാതിയിലാണ്‌ കേസിന്റെ തുടക്കം. തുടരന്വേഷണത്തിലാണ്‌ ബിജെപി കുഴൽപ്പണമായി കടത്തിയ മൂന്നരക്കോടി രൂപ നേതാക്കൾ തട്ടിയെടുത്തെന്ന്‌ തെളിഞ്ഞത്‌.