കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ്‌ അനുവദിക്കുന്നില്ലെന്ന്‌ കേന്ദ്ര സർക്കാർ

0
61

 

വിവിധ പദ്ധതിവഴി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അരിയും ഗോതമ്പും മാത്രം വിതരണം ചെയ്യുന്നുണ്ട്‌. മുൻഗണനാ വിഭാഗങ്ങൾക്ക്‌ നൽകാൻ അഞ്ചു കിലോ അരിയും അന്ത്യോദയ അന്നയോജന വിഭാഗക്കാർക്ക്‌ 35 കിലോ അരിയും പ്രതിമാസം അനുവദിക്കാറുണ്ട്‌. 2020ലെ ലോക്‌ഡൗൺ സമയത്ത്‌ അന്യസംസ്ഥാന തൊഴിലാളികൾക്കായി അഞ്ചു കിലോ അരി/ഗോതമ്പ്‌ നൽകിയിരുന്നു.

തിരുവനന്തപുരം സ്വദേശി അജയ്‌ എസ്‌ കുമാറിന്‌ വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ–-പൊതുവിതരണ മന്ത്രാലയം നൽകിയ മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

ഏതെല്ലാം സംസ്ഥാനത്തിന്‌ കേന്ദ്ര സർക്കാർ ഭക്ഷ്യക്കിറ്റ്‌ നൽകുന്നുണ്ട്‌, എത്ര വിതരണം ചെയ്‌തു എന്നായിരുന്നു ചോദ്യം.

കേന്ദ്ര സർക്കാർ നൽകുന്ന ഭക്ഷ്യവസ്‌തുക്കളാണ്‌‌ സഞ്ചിയിലാക്കി സംസ്ഥാന സർക്കാർ നൽകുന്നതെന്ന്‌ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയും കോൺഗ്രസും ഒരുപോലെ പ്രചരിപ്പിച്ചിരുന്നു.

കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിലടക്കം പറഞ്ഞു‌. കെ സുധാകരൻ എംപിയും ഇത്തരത്തിൽ പ്രചാരണം നടത്തി. കേന്ദ്രം നൽകുന്ന കിറ്റാണെങ്കിൽ എന്തുകൊണ്ട്‌ മറ്റു സംസ്ഥാനങ്ങളിൽ ഇല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചിരുന്നു.