ബിജെപി കുഴൽപ്പണം: യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത് ബിജെപി ജില്ലാ ട്രഷററുടെ അനുയായികള്‍

0
78

ബിജെപി കുഴൽപ്പണ വിഷയവുമായി ബന്ധപ്പെട്ട സംഘട്ടനത്തിനിടെ യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത് കുഴൽപ്പണ കവർച്ച കേസിൽ പൊലീസ് ചോദ്യം ചെയ്ത ബിജെപി നേതാവിന്റെ അനുയായികൾ. തൃശൂര്‍ വാടാനപ്പള്ളിയില്‍ തൃത്തല്ലൂര്‍ ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കുന്നതിനിടെയാണ് സംഘടിച്ചെത്തിയ ഒരു വിഭാഗം ബിജെപിക്കാർ യുവമോര്‍ച്ച വാടാനപ്പള്ളി മേഖലാ പ്രസിഡന്റ് കെ എച്ച്‌ ഹിരണിനെ (27) കുത്തിക്കൊല്ലാൻ ശ്രമിച്ചത്. വാരിയെല്ലിന്‌ താഴെ കുത്തേറ്റ ഹിരണിനെ തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ച്ച ചെയ്ത കേസില്‍ അന്വേഷകസംഘം കഴിഞ്ഞ രണ്ടു ദിവസമായി ചോദ്യം ചെയ്ത, കുഴൽപ്പണ കവർച്ചയിൽ സംശയനിഴലിൽ നിൽക്കുന്ന ബിജെപി തൃശൂര്‍ ജില്ലാ ട്രഷറർ സുജയ് സേനന്റെ അനുയായികളാണ് ഹിരണിനെ കുത്തിയത്. വാടാനപ്പള്ളി സ്വദേശിയായ സുജയ് സേനന്‍ ഇപ്പോള്‍ അയ്യന്തോളിലാണ് താമസം.
കുഴൽപ്പണക്കടത്തിലും അത് കവർച്ച ചെയ്ത സംഭവത്തിലും ജില്ലയിലെ ബിജെപി നേതാക്കളുടെ പങ്കിനെ സമൂഹമാധ്യമങ്ങളില്‍ ഹിരൺ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന്റെ പേരിലാണ് ഹിരണിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ഏഴാംതല്ലിയിലുള്ള വീര സവര്‍ക്കര്‍ ക്ലബ്ബ് അംഗങ്ങളായ ബിജെപി പ്രവര്‍ത്തകരും വാടാനപ്പള്ളി ബീച്ചിലെ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. ആശുപത്രി വളപ്പിൽ ഇരുവിഭാഗങ്ങളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതിനു പിന്നാലെ ഒരുസംഘം ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും വാർഡംഗവുമായ ജിത്ത്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ധനീഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് ബിജെപിക്കാർ മാരകായുധങ്ങളുമെടുത്ത് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടി ബിജെപിക്കായി കൊണ്ടുവന്ന മൂന്നരക്കോടിയുടെ കുഴല്‍പ്പണം കൊടകരയില്‍ വ്യാജ വാഹനാപകടം സൃഷ്ടിച്ച് തട്ടിയെടുക്കുകയായിരുന്നു. കേസിൽ ബിജെപി മേഖലാ സെക്രട്ടറി ജി കാശിനാഥന്‍, തൃശൂര്‍ ജില്ലാ ജനറല്‍സെക്രട്ടറി കെ ആര്‍ ഹരി, ട്രഷറർ സുജയ് സേനൻ എന്നിവരെ ചോദ്യം ചെയ്തിരുന്നു. ഇതിൽ സുജയ് സേനാനി തുടർച്ചയായി രണ്ടു ദിവസമാണ് അന്വേഷകസംഘം ചോദ്യം ചെയ്തത്. ഇയാളിപ്പോൾ നിരീക്ഷണത്തിലുമാണ്.