ഫയൽ നീക്കം, ഫയൽ തീരുമാനം എന്നീ കാര്യങ്ങളിൽ പുതിയ സമീപനം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം ഉണ്ടാക്കി ഇക്കാര്യത്തിൽ ആലോചന നടത്തണമെന്ന് വകുപ്പു സെക്രട്ടറമാരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത് ഒഴിവാക്കണം. ഒരാളുടെ കൈയിൽ എത്രസമയം വെക്കാമെന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയൽ വളരെയധികം പേർ കാണേണ്ടതുണ്ടോ എന്നതും പരിശോധിക്കണം.
തീരുമാനങ്ങൾ സത്യസന്ധമായി കൈക്കൊള്ളുമ്പോൾ അനാവശ്യമായ ഭയപ്പാടും ആശങ്കയും ആർക്കും ഉണ്ടാകേണ്ടതില്ലെന്ന് യോഗത്തിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ്ണ സംരക്ഷണം നൽകും. എന്നാൽ അഴിമതി കാണിച്ചാൽ ഒരുതരത്തിലും സംരക്ഷിക്കില്ല. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫയൽ തീർപ്പാക്കൽ പരിപാടി കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ രണ്ടുതവണ നടപ്പാക്കിയതാണ്. ഇത് സാധാരണ ഭരണക്രമത്തിന്റെ ഭാഗമായിത്തന്നെ നടപ്പാക്കണം. സങ്കടഹർജികൾ, പരാതികൾ എന്നിവ വ്യക്തിഗത പ്രശ്‌നങ്ങൾ ആണെങ്കിലും അവ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംവിധാനത്തിലെ പോരായ്മകൾ എന്തൊക്കെ എന്നുകൂടി സെക്രട്ടറിമാർ വിശകലനം ചെയ്യാൻ മുൻകൈയെടുക്കേണ്ടതാണെന്ന് നിർദേശിച്ചിട്ടുണ്ട്.
ഭരണപരിഷ്‌കരണവും നവീകരണവും തുടർപ്രക്രിയയായി നടക്കേണ്ടതാണ്. ഭരണപരിഷ്‌കാര കമ്മീഷൻ റിപ്പോർട്ടുകളിലെ ശുപാർശകൾ ഗൗരവമായി കണ്ട് നടപടികൾ വകുപ്പ് തലത്തിൽ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഓരോ സെക്രട്ടറിയും പരിശോധിക്കും. ഇത് ചീഫ് സെക്രട്ടറിതലത്തിൽ അവലോകനം ചെയ്യും.
ഫയലുകളിലെ വിവരങ്ങൾ തൽപരകക്ഷികൾക്ക് ചോർത്തിക്കൊടുക്കുന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഫയലിന് രഹസ്യ സ്വഭാവം വേണ്ടതുണ്ടെങ്കിൽ അത് സൂക്ഷിക്കണം. വിവരാവകാശ നിയമത്തിന്റെ നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ ഫയലിലെ വിവരങ്ങൾ ലഭ്യമാക്കാവൂ.
പിഎസ്സി റാങ്ക്‌ലിസ്റ്റുകളിൽ നിന്നും പരമാവധി നിയമനങ്ങൾ നടത്താൻ കഴിയുന്ന രീതിയിൽ സ്ഥാനക്കയറ്റത്തിന് ഉദ്യോഗസ്ഥർ അർഹത നേടാത്ത സാഹചര്യത്തിൽ ഹയർ കേഡർ ഒഴിവുകൾ ഡി-കേഡർ ചെയ്ത് റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന കേഡറിലെ ഒഴിവുകളായി കണക്കാക്കി റിപ്പോർട്ട് ചെയ്യാൻ ഫെബ്രുവരി 10ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഈ കാര്യത്തിലെ പുരോഗതി പരിശോധിക്കും.
റിട്ടയർമെന്റ് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു. ഇവ കൃതമായി നടന്നിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കും. ഇനിയും പിഎസ്സിക്ക് വിടാത്ത നിയമനങ്ങൾ പിഎസ്സിക്ക് വിടാൻ സ്‌പെഷ്യൽ റൂളുകൾ തയ്യാറാക്കേണ്ടതുണ്ട്.
ഇതിലുള്ള പുരോഗതി സെക്രട്ടറിമാർ ചീഫ് സെക്രട്ടറിയെ അറിയിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തിൽ കാലതാമസം ഉണ്ടാകാൻ പാടില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടാകരുത് എന്ന് നിർദേശം നൽകി.
പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുകയും പുരോഗതി എല്ലാ വർഷവും ജനങ്ങൾക്കു മുന്നിൽ വയ്ക്കുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ സർക്കാർ അവലംബിച്ചത്. ഈ സർക്കാരും ഇതേ രീതി തുടരും.
പ്രധാന പ്രഖ്യാപനങ്ങളായ അതീവ ദാരിദ്ര്യനിർമാർജനം, സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് സർക്കാർ ഓഫീസിൽ വരാതെ തന്നെ ലഭ്യമാക്കൽ, ഗാർഹിക ജോലിയിൽ ഏർപ്പെടുന്ന സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കൽ, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സേവനങ്ങളും മറ്റാവശ്യങ്ങളും അവരുടെ വീട്ടുപടിക്കൽ എത്തിക്കുന്നത് എന്നിവയടക്കം സർക്കാർ തയ്യാറാക്കിയിട്ടുള്ള കർമ്മപരിപാടികൾ എല്ലാം തന്നെ സമയബന്ധിതമായും ഫലപ്രദമായും നടപ്പാക്കാൻ സെക്രട്ടറിമാർ മുൻകൈയെടുക്കണം എന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.