വിക്ടേഴ്‌സ്‌ ചാനലിൽ ബ്രിഡ്‌ജ്‌ കോഴ്‌സ്‌, മെമ്മോ ലഭിച്ചവർക്ക്‌ അധ്യാപക നിയമനം ഉടൻ

0
24

 

ജൂൺ ഒന്നിന്‌ ആരംഭിക്കുന്ന പുതിയ അധ്യായന വർഷത്തിൽ ആദ്യ രണ്ടാഴ്‌ച വിദ്യാർഥികൾക്ക്‌ ഡിജിറ്റൽ ബ്രിഡ്‌ജ്‌ കോഴ്‌സ്‌ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി യോഗം സർക്കാരിന്‌ ശുപാർശ നൽകി.

കഴിഞ്ഞവർഷത്തെ ഓൺലൈൻ ഡിജിറ്റൽ ക്ലാസിൽനിന്ന്‌ അറിവ്‌ സ്വായത്തമാക്കിയെന്ന്‌ ഉറപ്പ്‌ വരുത്താനാണ്‌ ഡിജിറ്റൽ ബ്രിഡ്‌ജ്‌ കോഴ്‌സ്‌. ഓരോ വിഷയത്തിലും കഴിഞ്ഞ വർഷത്തെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയാണ്‌ വിക്ടേഴ്‌സ്‌ ചാനലിൽ ബ്രിഡ്‌ജ്‌ കോഴ്‌സ്‌ അവതരിപ്പിക്കുക.

സ്‌കൂളുകളിൽ ജൂൺ ഒന്നിന്‌ പ്രവേശനോത്സവം സംഘടിപ്പിക്കണം. ഓൺലൈനായി നടത്തണമെന്നായിരുന്നു നേരത്തെ ധാരണയെങ്കിലും പരിമിത വിദ്യാർഥികളെ ഉൾപ്പെടുത്തി സ്‌കൂളുകളിൽതന്നെ പ്രവേശനോത്സവം വേണമെന്ന്‌ അധ്യാപകസംഘടനകൾ ആവശ്യപ്പെട്ടു. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺഹിൽ ജിഎൽപി സ്‌കൂളിൽ നടത്തും. അന്തിമ തീരുമാനം വ്യാഴാഴ്‌ച മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും.

മുഴുവൻ ക്ലാസിലും ഡിജിറ്റൽ ക്ലാസിന് പുറമേ സ്കൂൾ തലത്തിലും ഓൺലൈൻ ക്ലാസ് നടത്തും. ഡിജിറ്റൽ പാഠഭാഗങ്ങളെകൂടി ഉൾപ്പെടുത്തി അതത്‌ അധ്യാപകർ ക്ലാസെടുക്കും. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഓൺലൈൻ പ്ലാറ്റ്‌ ഫോം വികസിപ്പിച്ചു. എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷാ മൂല്യനിർണയം സമയത്ത്‌ തീർക്കും. അധ്യാപകർക്ക്‌ അതത്‌ ജില്ലകളിൽതന്നെ മൂല്യനിർണയത്തിന്‌ സൗകര്യമൊരുക്കും. കോവിഡ് മൂന്നാം തരംഗം കൂടി പരിഗണിച്ചാകും സ്‌കൂൾ തുറക്കൽ തീരുമാനം.

പിഎസ്‌സി അഡ്വൈസ്‌ മെമ്മോ ലഭിച്ച മുഴുവൻ പേർക്കും ഉടൻ നിയമനം നൽകുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രധാനാധ്യാപകരുടെ ഒഴിവും ഉടൻ നികത്തും.പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ്, സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ, അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

പ്ലസ് വൺ ക്ലാസിന്റെ പരീക്ഷയെപ്പറ്റി ക്യുഐപി യോഗത്തിൽ തീരുമാനമായില്ല. പരീക്ഷ നടത്തണമെന്നും ഉടനെ വേണ്ടെന്നും അധ്യാപക സംഘടനകളുടെ ഭാഗത്തുനിന്ന് ആവശ്യമുയർന്നു. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഉപേക്ഷിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സർക്കാരിന്‌ വിട്ടു.