എൽഡിഎഫിന്റെ ചരിത്രവിജയത്തെ അഭിനന്ദിച്ച്‌ റഷ്യൻ കമ്യൂണിസ്‌റ്റ്‌ പാർടി

0
63

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ നേടിയ ഗംഭീര വിജയത്തിന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയെ കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ റഷ്യൻ ഫെഡറേഷൻ(സിപിആർഎഫ്‌) അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

എൽഡിഎഫിന്റെ ചരിത്രവിജയത്തിന്‌ നേതൃത്വം നൽകിയ പിണറായി വിജയൻ, അഞ്ച്‌ വർഷ കാലാവധി പൂർത്തീകരിച്ച്‌ അധികാരത്തിൽ തിരിച്ചുവന്ന ആദ്യ കേരളമുഖ്യമന്ത്രിയാണ്‌. സിപിഐ എമ്മിനും എൽഡിഎഫിനും ജനപിന്തുണ വർധിച്ചുവരികയാണെന്നും തെരഞ്ഞെടുപ്പ്‌ ഫലം തെളിയിച്ചു.

ജനങ്ങളുടെ സാമൂഹ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ബിജെപിയുടെ നയങ്ങൾക്കെതിരെ രാജ്യമെമ്പാടും, പ്രത്യേകിച്ച്‌ കേരളത്തിൽ സിപിഐ എം നടത്തിവരുന്ന സുസ്ഥിരമായ പോരാട്ടങ്ങൾ പാർടിയെ പ്രധാന ദേശീയ രാഷ്ട്രീയ ശക്തിയാക്കി മാറ്റി.

കോവിഡ്‌ മഹാമാരി രൂക്ഷമാക്കിയ സാമ്പത്തിക പ്രതിസന്ധിയും ഇതു പരിഹരിക്കുന്നതിൽ കേന്ദ്രഅധികാരികൾ പരാജയപ്പെട്ടതും ആധുനികകാല വെല്ലുവിളികളുടെ കാര്യത്തിൽ ഇന്ത്യൻ കമ്യൂണിസ്‌റ്റുകൾ ഉയർത്തിപ്പിടിക്കുന്ന സാമ്പത്തികനയമാണ്‌ ശരിയെന്ന്‌ വ്യക്തമാക്കുന്നു- സന്ദേശത്തിൽ പറഞ്ഞു.