ജലനിരപ്പ് ഉയർന്നതിനാൽ കല്ലാർകുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറക്കുമെന്ന് അറിയിപ്പ്. മുതിരാപ്പുഴയാർ, പെരിയാർ തീരത്തുള്ളവരോട് ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകി.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയാണ്. ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉടൻ തുറക്കാൻ തീരുമാനമായത്. നേരത്തെ അരുവിക്കര ഡാമിന്റെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഷട്ടറുകൾ 50 സെന്റിമീറ്റർ കൂടി ഉയർത്തിയിട്ടുണ്ട്.
അതിനിടെ, കോട്ടയം മുണ്ടക്കയത്ത് മണിമലയാർ കരകവിഞ്ഞു. കനത്ത മഴയിൽ മലയോര മേഖലയിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ ആണ് പുഴ കരകവിഞ്ഞത്.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒൻപതു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി പാലക്കാട് കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. മലയോരമേഖലകളിൽ താമസിക്കുന്നവരും തീരദേശ പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.