കർഷകർ ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും

0
166

കേന്ദ്ര സർക്കാരിന്റെ കാർഷിക ജനാധിപത്യ വിരുദ്ധനടപടികളിലും പ്രതിഷേധിച്ച്‌ ബുധനാഴ്‌ച രാജ്യവ്യാപകമായി കരിദിനം ആചരിക്കും.

ഡൽഹി അതിർത്തികളിൽ കർഷക സമരം തുടങ്ങിയതിന്‌ ആറു മാസം തികയുന്ന 26ന്‌ കരിദിനം ആചരിക്കാൻ സംയുക്ത കിസാൻ മോർച്ചയാണ്‌ ആഹ്വാനം നൽകിയത്‌. 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ പൊതുവേദിയും 12 പ്രധാന രാഷ്ട്രീയപാർടിയും പിന്തുണ പ്രഖ്യാപിച്ചു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ എന്നീ സംഘടനകളും പങ്കുചേരും. നരേന്ദ്ര മോഡിസർക്കാർ 2014ൽ അധികാരമേറ്റതിന്റെ ഏഴാം വാർഷികദിനം കൂടിയാണ്‌ ബുധനാഴ്‌ച.

വീടുകളിലും കമ്പോളങ്ങളിലും വാഹനങ്ങളിലും തൊഴിലുറപ്പ്‌ പദ്ധതി കേന്ദ്രങ്ങളിലും കറുത്ത കൊടികൾ ഉയർത്തും. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ പരിപാടി നടത്തുക.

മൂന്ന്‌ കാർഷികനിയമവും വൈദ്യുതിബില്ലും പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കുക, തൊഴിൽകോഡ്‌ ഉപേക്ഷിക്കുക, പൊതുമേഖല ഓഹരിവിൽപ്പന അവസാനിപ്പിക്കുക, തൊഴിലുറപ്പ്‌ പദ്ധതിപ്രകാരം 600 രൂപ വേതനത്തിൽ 200 ദിവസം ജോലി നൽകുക, നഗരങ്ങളിലും പദ്ധതി നടപ്പാക്കുക, എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുക തുടങ്ങിയ ആവശ്യമുന്നയിച്ചാണ് കരിദിനാചരണം.

മികച്ച ശുചീകരണ സംവിധാനങ്ങളുള്ള സമ്പർക്കവിലക്ക്‌ കേന്ദ്രങ്ങൾ സജ്ജമാക്കുക, കോവിഡ്‌ പരിശോധനയും മരുന്നുകളും സൗജന്യമാക്കുക, ഓരോ അംഗത്തിനും 10 കിലോഗ്രാം ഭക്ഷ്യധാന്യം സഹിതം എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം റേഷൻ കിറ്റ്‌ നൽകുക, ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7,500 രൂപ വീതം നൽകുക എന്നീ ആവശ്യങ്ങളുംഉയർത്തുന്നു.