കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവർക്കും വാക്സിനേഷൻ ലക്ഷ്യം – മന്ത്രി വീണാ ജോർജ്

0
30

പത്തനംതിട്ട : കുറഞ്ഞ സമയത്തിനുള്ളിൽ സമ്പൂർണ വാക്സിനേഷനാണ് സംസ്ഥാനസർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാക്സിൻ ലഭ്യമാക്കുന്നതിന് എല്ലാ മാർഗങ്ങളും തേടുന്നുണ്ട്. 45 വയസ്സിനുമുകളിലുള്ളവരിൽ 45 ശതമാനത്തോളംപേർക്ക് ആദ്യഡോസ് നൽകി. ബ്ളാക്ക് ഫംഗസ് രോഗബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ല. സ്റ്റിറോയിഡ് ഉപയോഗം ഡോക്ടർമാരുടെ നിർദേശപ്രകാരമല്ലാതെ പാടില്ലെന്നും മന്ത്രി പറഞ്ഞു.

ലോക്ഡൗൺ ഏർപ്പെടുത്തിയതിന്റെ ഗുണഫലം ജൂണിലുണ്ടാകുമെന്നാണ് പ്രതീക്ഷ. മേയ് 30-നുശേഷം രോഗവ്യാപനത്തോത് കുറയാൻ സാധ്യതയുണ്ട്. കടുത്ത നിയന്ത്രണമേർപ്പെടുത്തിയതിനാൽ സമ്പർക്കം കുറഞ്ഞു. ലോക്ഡൗൺ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്നും ഉടനെ അറിയാം. രണ്ടാഴ്ചമുമ്പ് കോവിഡ് ബാധിതരായവരുടെ പരിശോധനാഫലമാണ് ഈയടുത്ത് പുറത്തുവന്നത്. ചില ജില്ലകളിൽ രോഗവ്യാപനം കുറയുന്നതും ആശ്വാസകരമാണ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ കോവിഡ് രോഗബാധിതരുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതിനുപിന്നിൽ മോഷണമാണെങ്കിൽ ശക്തമായ നടപടിയെടുക്കും.

ഐ.സി.യു.വിലേക്ക് രോഗിയെ പ്രവേശിപ്പിക്കുംമുമ്പ് ആഭരണങ്ങൾ ഉറ്റവരെ ഏല്പിക്കണമെന്ന നിർദേശം കൃത്യമായി പാലിക്കുന്നെന്ന് ഉറപ്പാക്കും. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശനിയാഴ്ച യോഗം ചേരുമെന്നും വീണാ ജോർജ് പറഞ്ഞു. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിൽ വിവാദമുയർന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, വിവാദങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു പ്രതികരണം.