ലക്ഷദ്വീപ്: നാം ഓരോരുത്തരുടേതുമായി ഏറ്റെടുക്കണം- വി ശിവദാസന്‍ എംപി

0
68

 

ലോകം മുഴുവന്‍ കോവിഡ് മഹാമാരിയെ നേരിടാന്‍ നടപടികള്‍ എടുത്ത സമയത്ത് മോഡിസര്‍ക്കാര്‍ ഇന്ത്യയുടെ സവിശേഷതകള്‍ക്കെതിരെ കോപത്തിന് മൂര്‍ച്ചകൂട്ടുകയായിരുന്നുവെന്ന് ഡോ.വി ശിവദാസന്‍ എംപി. സന്തോഷത്തോടെയും സമാധാനത്തോടെയും തങ്ങളുടേതായ സാംസ്‌കാരിക തനിമകളോടെയും ജീവിച്ചിരുന്ന ലക്ഷദ്വീപ് സമൂഹങ്ങളിലെ ജനതയ്ക്കു മേല്‍ തടവറ തീര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 2020 ഡിസംബറില്‍ പുതിയ ലക്ഷദ്വീപ് അംബാസിഡറായി ചുമതലയേറ്റ പ്രഫുല്‍ പട്ടേല്‍ അഞ്ചുമാസങ്ങള്‍ക്കകം ദ്വീപിന്റെ സൈ്വര്യജീവിതത്തിന്റെ വെളിച്ചം കെടുത്തി. ലക്ഷദ്വീപിന്റെ പ്രശ്‌നം നമ്മള്‍ ഓരോരുത്തരുടെയും പ്രശ്‌നമായി തന്നെ ഏറ്റെടുക്കപ്പെടേണ്ടതുണ്ടെന്നും ശിവദാസന്‍ പറഞ്ഞു.
എല്ലാ ജനാധിപത്യ വിശ്വാസികളും ലക്ഷദ്വീപിന് വേണ്ടി അണിനിരക്കണം. ആ നാട്ടിലെ ജനത അവരുടെ മണ്ണില്‍ രണ്ടാം തരം പൗരന്മാരായി മാറുന്നത് അംഗീകരിക്കാനാകില്ല. ദ്വീപിനു വേണ്ടി സാധ്യമാകുന്ന എല്ലാ ഇടപെടലും നടത്തും. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ട് എളമരം കരീം എം പി രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. വിഷയം വീണ്ടും പ്രസിഡന്റിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ഇടപെടും. കേരളവുമായി നില നില്‍ക്കുന്ന ബന്ധവും തകര്‍ക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. കേരള സര്‍ക്കാരുമായി ആലോചിച്ച് വിഷയത്തില്‍ ഇടപെടാനും ശ്രമിക്കുമെന്നും ശിവദാസന്‍ അറിയിച്ചു.