കേലാട്ട് കുന്ന് കോളനിയിലെ ദുരിതങ്ങൾ: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

0
101

അടച്ചുറപ്പുള്ള വീടോ കുടിവെള്ളമോ ശൗചാലയമോ ഇല്ലാത്ത പൊറേമ്മൽ ജംഗ്ക്ഷന്  സമീപമുള്ള കേലാട്ടുകുന്ന്  കോളനിയിലെ അന്തേവാസികൾ അനുഭവിക്കുന്ന ദുരവസ്ഥക്ക് പരിഹാരം കാണാൻ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.

കോഴിക്കോട് ജില്ലാ കളക്ടറും സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയും കോളനിയിലെ താമസക്കാരുടെ പരാതികൾ വിശദമായി പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. മാവൂർ റോഡ് വഴി മെഡിക്കൽ കോളേജിലേക്ക് പോകുമ്പോൾ പൊറേമ്മൽ ജംഗ്ക്ഷനിൽ നിന്നും ഇടത്തോട്ടു പോയാൽ കോളനിയിലെത്തും.

നല്ലൊരു നടപ്പാത പോലുമില്ലാത്ത സ്ഥലമാണ് ഇത്. മരവും ഷീറ്റും ടാർപ്പോയും കൊണ്ടാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത് . വാതിലുകളുടെ സ്ഥാനത്ത് സാരിയാണ് തൂക്കിയിരിക്കുന്നത്.27 വർഷം മുമ്പ് 42 കുടുംബങ്ങളാണ് ഇവിടെ താമസമാക്കിയത്.ഇപ്പോൾ 19 കുടുംബങ്ങളുണ്ട്. കോളനി സ്ഥിതി ചെയ്യുന്ന സ്ഥലം പൊതുമരാമത്ത് വകുപ്പിൻറെ ഉടമസ്ഥതയിലാണുള്ളത്. ഇവർക്ക് പട്ടയമില്ല.

സ്വന്തമായി വീടുണ്ടാക്കണമെങ്കിൽ വായ്പയെടുക്കാൻ പട്ടയം വേണം. പൊതുമരാമത്ത് സ്ഥലം നൽകാൻ തീരുമാനിച്ചെങ്കിലും നടന്നില്ലെന്ന് നാട്ടുകാർ പറയുന്നു.കുടിവെള്ള പൈപ്പ് ഉണ്ടെങ്കിലും വെള്ളം കാണാറില്ല. രാത്രി 12 മണിക്ക് വരുന്ന കുടിവെള്ളം വെളുപ്പിന് തീരും.  പലരും കൂലിപ്പണിക്കാരാണ്. എല്ലാ വീട്ടിലും  കുഴികക്കൂസാണുള്ളത്. അവ തുണി ഉപയോഗിച്ചാണ് മറച്ചിരിക്കുന്നത്. മഴ ചെയ്താൽ വീട്ടിൽ നിന്നു ഒരു തുള്ളി വെള്ളം പുറത്തു പോകില്ല. പെരുമ്പാമ്പിൻറെ വിഹാര കേന്ദ്രമാണ് ഇവിടം