ബെവ്ക്യൂ ആപ്പ് വരുന്നു ;പുതിയ മാറ്റങ്ങളോടെ

0
71

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ മദ്യവില്‍പനയ്ക്കായി അവതരിപ്പിച്ച ബെവ്ക്യൂ ആപ്പ് വീണ്ടും വരുന്നു. പുതിയ മാറ്റങ്ങളോടെ അപ്പ്ഡേറ്റ്ട് വേർഷൻ ആണ് ബെവ്ക്യൂ ആപ്പ് വീണ്ടും വരുന്നത്. ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന പോരായ്മകളെല്ലാം പരിഹരിച്ചതാണ് ആപ്പിന്റെ പുതിയ വേർഷൻ. ഹോം ഡെലിവറിക്ക് നിയമപരമായ തടസങ്ങള്‍ നിലനിൽക്കുന്നതിനാൽ മുന്‍ വര്‍ഷത്തിലേതിന് സമാനമായി ബെവ്ക്യു ആപ്പിലൂടെ ടോക്കണ്‍ നല്‍കി തിരക്ക് നിയന്ത്രിച്ച് ബിവറേജസ് ഔട്ലെറ്റുകളും ബാറുകളും തുറക്കാനാണ് ധാരണ. ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കാനാണ് നടപടി.

ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന എല്ലാ പോരായ്മകളെല്ലാം പരിഹരിച്ചാണ് പുതിയ രൂപത്തിൽ ആപ്പ് ഇറങ്ങുന്നത് . നിലവിൽ ഇൻസ്റ്റാൾ ചെയ്തവരിൽ 30 ശതമാനം പേർ മാത്രമാണ് ആപ്പ് അൺഇൻസ്റ്റാൾ ചെയ്തത്. ബാക്കി 70 ശതമാനം പേരുടെയും ഫോണിൽ ആപ്പ് നിലവിലുണ്ട്. ഇത് അപ്പ്ഡേറ്റ് ചെയ്യുക വഴി പുതിയ രീതിയിലേക്ക് മാറാൻ കഴിയും. പുതിയ വേർഷൻ അനുസരിച്ച് തൊട്ടടുത്തുള്ള ഔട്ലെറ്റിൽ നിന്നുതന്നെ മദ്യം വാങ്ങുന്നതിനുള്ള ടോക്കൺ ലഭ്യമാകും. ഉപഭോക്താവിന്റെ തൊട്ടടുത്തുള്ള ഔട്ട്ലെറ്റിൽ നിന്നുതന്നെ മദ്യം വാങ്ങാൻ കഴിയുന്ന തരത്തിൽ ആപ്പ് അപ്പ്ഡേറ്റ് ചെയ്തുകഴിഞ്ഞു.

ഏത് ദിവസമാണോ വാങ്ങാൻ ഉദ്ദേശിക്കുന്നത് അതെ ദിവസം തന്നെ മദ്യം ലഭ്യമാകുന്ന രീതിയിലാണ് പുതിയ പരിഷ്ക്കാരം. ആവശ്യമുള്ള സ്ഥലത്തെ പിൻകോഡ് കൊടുത്താൽ അവിടെയുള്ള എല്ലാ ഔട്ട്ലെറ്റുകളുടെയും വിവരങ്ങൾ ലഭിക്കും. മാത്രമല്ല, 15 കിലോമീറ്റർ ചുറ്റളവിലുള്ള ബീവറേജസ്, കൺസ്യുമർഫെഡ് ഔട്ട്ലെറ്റുകളുടെ വിവരങ്ങളും ലഭിക്കും. ഇതുവഴി തൊട്ടടുത്തുള്ള ഔട്ലെറ്റിൽ നിന്ന് തന്നെ ഉപഭോക്താവിന് മദ്യം വാങ്ങാൻ കഴിയും. സമയനഷ്ടവും യാത്രാക്ലേശവും ഒഴിവാക്കാനും ഇതുവഴി സാധിക്കും. രാവിലെ ടോക്കൺ എടുത്താൽ അടുത്ത മണിക്കൂറിനകം തൊട്ടടുത്ത ഔട്ട്ലെറ്റിൽ നിന്നും മദ്യം ലഭ്യമാകും. മാത്രമല്ല, അനുവദനീയമായ ടോക്കണുകൾ എത്ര ബാക്കിയുണ്ട് എന്ന വിവരവും ഉപഭോകതാവിനു ആപ്പ് വഴി ലഭിക്കും.

ബെവ്ക്യൂ ആപ്പിലേക്ക് ടോക്കണുകൾ നൽകുന്നതിന് പകരം ടോക്കണുകൾ പോകുന്നത് ബാറുകളിലേക്കാണ് എന്ന പരാതിയും ഉണ്ടായിരുന്നു. എന്നാൽ, ഇതെല്ലാം പരിഹരിച്ചാണ് ആപ്പ് പുനരാരംഭിക്കുക. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. ആപ്പ് മുഖേന ബുക്ക് ചെയ്യുന്നവര്‍ക്ക് മൂന്നുദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാനാവൂ എന്ന വ്യവസ്ഥ സര്‍ക്കാര്‍ നേരത്തെ നീക്കിയിരുന്നു.

2020 മെയ് 27നാണ് ബെവ്ക്യൂ ആപ്പിന് തുടക്കമിടുന്നത്. കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്ഥാപനമായ ഫെയർകോഡ് ടെക്‌നോളജീസാണ് ആപ്പ് വികസിപ്പിച്ചത്. ഒന്നാം ലോക്ക്ഡൌൺ കാലത്ത് മദ്യവിതരണത്തിന് വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിനായാണ് ബെവ്ക്യൂ ആപ്പ് സജ്‌ജമാക്കിയത്. കോവിഡ് വ്യാപകമായതോടെ സാമൂഹ്യ അകലം ഉറപ്പ് വരുത്തുന്നതിനായി 2020 മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് വഴി ബുക്ക് ചെയ്തുകൊണ്ടുള്ള മദ്യവില്‍പ്പന ബിവറേജസ് കോർപറേഷൻ ആരംഭിച്ചത്. ഇതില്‍ ബുക്ക് ചെയ്ത് ബിവറേജ്, ബാര്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യം പാഴ്സല്‍ വാങ്ങാനാണ് അവസരം ഉണ്ടായിരുന്നത്. ബെവ്​ക്യൂ ആപ്​ വഴി മദ്യം വാങ്ങാൻ ഓൺലൈനായി ടോക്കൺ ലഭിക്കും. ഒരു മണിക്കൂറിൽ ഒരു കൗണ്ടറിൽ നിന്ന്​ 50 പേർക്കായിരിക്കും മദ്യം ലഭ്യമാകുക. പേരും മൊബൈൽ നമ്പറും പിൻകോഡും നൽകിയാൽ സമീപത്തെ മദ്യശാലകളിൽ ​നിന്ന്​ മദ്യം വാങ്ങാനായി ടോക്കൺ ലഭിക്കും. ആദ്യഘട്ടത്തിൽ ലക്ഷക്കണക്കിനുപേരാണ് ബെവ്ക്യൂ ആപ്പ് ഉപയോഗപ്പെടുത്തിയത്.