നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; മത്സരിക്കാൻ എം ബി രാജേഷും വിഷ്ണുനാഥും

0
24

 

15ാം കേരളനിയമസഭയിലേക്കുള്ള സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൽഡിഎഫിന്റെ സ്ഥാനാർഥിയായി തൃത്താലയിൽനിന്നുള്ള എം ബി രാജേഷും യുഡിഎഫ് സ്ഥാനാർഥിയായി കുണ്ടറയിൽ നിന്നും വിജയിച്ച പി സി വിഷ്ണുനാഥും മത്സരിക്കും.

ഇരുവരും തിങ്കളാഴ്ച നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണൻ നായർക്ക് നാമനിർദേശ പത്രിക കൈമാറി. ഒമ്പത് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വിജയിക്കുന്ന വ്യക്തി സ്പീക്കറായി ചുമതലയേൽക്കും. തുടർന്ന് കക്ഷിനേതാക്കളുടെ അനുമോദനവും സ്പീക്കറുടെ മറുപടിയും ഉണ്ടാകും.

എം ബി രാജേഷു വേണ്ടി രണ്ട് സെറ്റ് പത്രിക സമർപ്പിച്ചു. ഒന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പേര് നിർദേശിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ പിന്താങ്ങി. മറ്റൊന്നിൽ സിപിഐ കക്ഷി നേതാവ് ഇ ചന്ദ്രശേഖരൻ പേര് നിർദേശിച്ചു.

ജെഡിഎസ് കക്ഷി നേതാവ് മാത്യു ടി തോമസ് പിന്താങ്ങി. വിഷ്ണുനാഥിനെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിർദേശിച്ചു. മുസ്ലിംലീഗ് കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പിന്താങ്ങി. എൽഡിഎഫിന് 99 ഉം, യുഡിഎഫിന് 41 ഉം അംഗങ്ങളാണുള്ളത്.

പുതുക്കിയ ബജറ്റ് ജൂൺ നാലിന് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും. ഏഴിന് ആരംഭിക്കുന്ന പൊതുചർച്ചയ്ക്ക് തുടക്കമിടുന്നത് ഡെപ്യൂട്ടി സ്പീക്കർ ആയിരിക്കണമെന്ന കീഴവഴക്കമുണ്ട്. ഇതിനുമുമ്പ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. സിപിഐയിലെ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാണ് എൽഡിഎഫ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി. യുഡിഎഫ് മത്സരിക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.