യാസ് ചുഴലിക്കാറ്റ്; സഞ്ചാരപഥത്തിൽ കേരളമില്ല, ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശം

0
61

 

 

തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ന്യൂനമർദ്ദത്തിന്റെ സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. കേരളത്തിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കേരളത്തിലും മഴ ശക്തിപ്രാപിക്കും.

72 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറും. എന്നാൽ മെയ് 26 ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ഒഡീഷ, പശ്ചിമ ബംഗാൾ തീരം തൊടും. ഒമാൻ നിർദ്ദേശിച്ച യാസ് എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. ഇരുപത്തിയാറാം തീയതി വരെ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ ഇടിയോട് കൂടിയ മഴയാണ് പ്രവചിക്കപ്പെടുന്നത്.

മണിക്കൂറിൽ 50 കിലോ മീറ്റർ മുതൽ അറുപത് കിലോ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ദമായതിനാൽ മീൻ പിടുത്ത തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.