യാസ് ചുഴലിക്കാറ്റ്: ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി

0
127

യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. ആഭ്യന്തര മന്ത്രി അമിത് ഷായും ഉന്നതതല ഉദ്യോ​ഗസ്ഥരും യോ​ഗത്തില്‍ പങ്കെടുക്കുന്നു. നാവിക സേനയുടെ നാലു കപ്പലുകള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചുഴലിക്കാറ്റ് തീരം തൊടുന്ന ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളിലേക്ക് സൈന്യം കൂടുതല്‍ സംഘത്തെ നിയോഗിച്ചു. മുന്നറിയിപ്പ് കണക്കിലെടുത്ത് ഈസ്​റ്റ്​ കോസ്​റ്റ്​ റെയില്‍‌വേ 10​ സ്​പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തിങ്കളാഴ്ച ‘യാസ്’ ചുഴലിക്കാറ്റായി മാറുമെന്നുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. യാസ് മേയ് ഇരുപത്തിയാറിന് രാവിലെ ബംഗാളിനും വടക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ എത്തും. വൈകിട്ട് ബംഗാളിനും ഒഡീഷയുടെ വടക്കന്‍ തീരത്തിനുമിടയില്‍ കരയില്‍ പ്രവേശിക്കാനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.
ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു. തെക്കുകിഴക്കന്‍-മദ്ധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്കും ജാഗ്രത നിർദ്ദേശം നൽകി.
ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നാല്‍ കേരളത്തില്‍ മേയ് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. മേയ് 22 മുതല്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.