Exclusive ന്യൂനപക്ഷ മോര്‍ച്ച വനിതാ നേതാവിനെ കൊല്ലുമെന്ന് ഭീഷണി, ബിജെപി ജില്ലാ നേതാവിനെതിരെ പൊലീസിൽ പരാതി

0
74

ന്യൂനപക്ഷ മോര്‍ച്ച തിരുവനന്തപുരം ജില്ലാ വനിതാനേതാവിന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ തെറിയഭിഷേകവും വധഭീഷണിയും. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചി ഏണസ്റ്റിനെയാണ് ബിജെപി കഴക്കൂട്ടം മണ്ഡലം ജനറല്‍ സെക്രട്ടറി ബാലു ജി നായർ ഫോണിൽ തെറി വിളിച്ച് അധിക്ഷേപിച്ചത്. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും മണ്ഡലം നേതാവ് ഭീഷണി മുഴക്കി. കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ തീരദേശ ദുരിതാശ്വാസക്യാമ്പ് സന്ദർശനം അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് തങ്കച്ചി ചോദിച്ചപ്പോഴാണ് ബിജെപി നേതാവിന്റെ തെറിയഭിഷേകവും കൊന്നുകളയുമെന്ന ഭീഷണിയും ഉണ്ടായത്.

കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്താന്‍ ബാലു ജി നായര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിരുന്നതായി തങ്കച്ചി പരാതിപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടായി വൻതുക ചില മണ്ഡലം നേതാക്കൾ കൈപ്പറ്റി. എന്നാൽ, അത് ചെലവഴിച്ചില്ല. മാത്രമല്ല, നേരത്തെ ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളും അഭ്യര്‍ഥനയും ബിജെപി നേതാവ് ബാലുവിന്റെ വീടിന് സമീപത്തെ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശോഭയെ പരാജയപ്പെടുത്താനാണ് ബാലു ശ്രമിച്ചത്. ഇത് ചോദ്യം ചെയ്തതോടെയാണ് ബിജെപി നേതാക്കളില്‍ നിന്ന് തനിക്കും ഭര്‍ത്താവിനും ഭീഷണി തുടങ്ങിയതെന്നും തങ്കച്ചി പറയുന്നു.

നേരത്തെ തങ്കച്ചിയെ വാഹനമിടിച്ച്‌ കൊലപ്പെടുത്താനും ഇവര്‍ ശ്രമിച്ചിരുന്നു. തങ്കച്ചിയുടെ ഭര്‍ത്താവും ന്യൂനപക്ഷ മോര്‍ച്ച ജില്ലാ നേതാവുമായ ഏണസ്റ്റ് മിരാന്റക്കും ബിജെപി നേതാക്കളുടെ ഭീഷണിയുണ്ട്. തെറിയഭിഷേകത്തിനും വധഭീഷണിക്കും എതിരേ തങ്കച്ചി ഏണസ്റ്റ് കഴക്കൂട്ടം എസിപിക്ക് പരാതി നല്‍കി. വിവാദ ഫോണ്‍ സംഭാഷണത്തിന്റെ ക്ലിപ് ഉള്‍പ്പെടെയാണ് തങ്കച്ചി പരാതിയായി നല്‍കിയിരിക്കുന്നത്.