കോവിഡ് കാലത്തെ മാനസികാരോഗ്യം ; വിദ്യാത്ഥികൾക്കായി മെഡിക്കൽ വിദഗ്ധരുമായി കൈകോർത്ത് കെടിയു

0
27

കോവിഡ് കാലത്തെ വിദ്യാർത്ഥികളുടെ മാനസിക സംഘർഷങ്ങൾ അകറ്റാൻ ബോധവൽക്കരണ പരിപാടികളുമായി എ പി ജെ അബ്ദുൾ കലാം സാങ്കേതിക യൂണിവേഴ്സിറ്റി. ഇന്ത്യൻ സൈക്യാട്രി അസോസിയേഷൻ കേരള ചാപ്റ്ററുമായി സഹകരിച്ച് യൂണിവേഴ്സിറ്റി ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ ഹെൽപ്പ് ലൈനായ ‘മാനസമിത്ര’ വഴി വിദ്യാർത്ഥികൾക്ക് നൽകുന്ന ഓൺലൈൻ കൗൺസിലിംഗിന് തുടക്കമായി. ഡോക്ടർമാരുടെയും കൗൺസിലർമാരുടെയും ഹ്രസ്വ വീഡിയോകൾ വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യാർത്ഥം ഉപയോഗിക്കാൻ കഴിയുന്ന വിധം സർവകലാശാലയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും.

ഒറ്റപ്പെടൽ, അക്കാദമിക് പ്രവർത്തനങ്ങൾക്കായി അമിതമായി ഇന്റർനെറ്റിനെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ, ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ, കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഉണ്ടാകാവുന്ന മറ്റ് മാനസിക,ആരോഗ്യ ബുദ്ധിമുട്ടുകൾ എന്നിവയിൽ നിന്ന് അതിജീവിക്കാൻ കുട്ടികൾക്ക് മാനസിക കരുത്ത് നൽകുക എന്ന ഉദ്ദേശത്തോടെയാണ് ബോധവൽക്കരണം. മെഡിക്കൽ വിദഗ്ധരുമായി ചേർന്ന് നടത്തുന്ന സംവേദനാത്മക സെഷനുകളുമുണ്ട്. ഓൺലൈൻ സെഷനുകൾ കൃത്യമായ ഇടവേളകളിൽ നടത്താനാണ് സർവകലാശാല ഉദ്ദേശിക്കുന്നത്. ഡോക്ടർമാരുടെയും കൗൺസിലർമാരുടെയും സൗജന്യ മാനസിക പിന്തുണയ്ക്കായി 0484 7199638 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ വിളിക്കാം.