പാവപ്പെട്ടവരെ ഗുണമേന്മയുള്ള ജീവിതം നയിക്കാൻ പ്രാപ്‌തരാക്കും: മന്ത്രി എം വി ഗോവിന്ദൻ

0
13

 

പാവപ്പെട്ടവരെ ഗുണമേന്മയുള്ള ജീവിതം നയിക്കാൻ അഞ്ചുവർഷത്തിനകം പ്രാപ്‌തരാക്കുമെന്ന്‌ തദ്ദേശ–എക്‌സൈസ്‌ മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. അതിദരിദ്രരായ നാലു ലക്ഷം കുടുംബങ്ങളുണ്ടെന്നാണ്‌ പ്രാഥമിക കണക്ക്‌.

വിശദ സർവേയിലൂടെ ഇവരെ കണ്ടെത്തും. ഇവരടക്കം മുഴുവൻ ജനങ്ങൾക്കും ഭക്ഷണം, തൊഴിൽ, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയവ ഉറപ്പാക്കും. നവകേരള സൃഷ്ടിക്ക്‌ എല്ലാ വകുപ്പും ഏകോപനത്തോടെ പ്രവർത്തിക്കുമെന്നും പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.

വീട്ടമ്മമാർക്ക്‌ പെൻഷൻ പ്രധാനം

മറ്റ്‌ ജോലിയൊന്നുമില്ലാതെ വീട്ടിൽ കഠിനാധ്വാനം ചെയ്യുന്ന വീട്ടമ്മമാർക്ക്‌ എൽഡിഎഫ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനപ്രകാരം പെൻഷൻ നൽകാനുള്ള പ്രവർത്തനം വേഗത്തിലാക്കും.

ശുചിത്വകേരളം: 2500 കോടിയുടെ വിദേശ
സഹായം വിനിയോഗിക്കും

ഖരമാലിന്യ സംസ്‌കാരണത്തിന്‌ ഒട്ടേറെ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ആഗ്രഹിക്കുന്നപോലെ വിജയമാകുന്നില്ല. നഗരങ്ങളിൽ കേന്ദ്രീകൃത മാലിന്യ നിർമാർജനത്തിലൂടെയേ ശുചിത്വം കൈവരിക്കാനാകൂ. നഗരങ്ങളിൽ പരിസ്ഥിതി പ്രശ്‌നങ്ങളില്ലാത്ത മാലിന്യനിർമാർജന കേന്ദ്രം ആരംഭിക്കുന്നതിന്‌ വിദേശങ്ങളിലെ വിദഗ്‌ധർ ഉൾപ്പെടെയുള്ളവരുടെ സഹായം തേടും. വിദേശ സഹായമായി ലഭിച്ച 2500 കോടി രൂപ ഉപയോഗിച്ച്‌ പദ്ധതി ആവിഷ്‌കരിക്കും.

കരുത്തുറ്റ കേരള മോഡൽ

ജനകീയാസൂത്രണത്തിന്റെ 25–-ാം വാർഷികത്തിൽ അധികാരവികേന്ദ്രീകരണത്തിന്റെ കേരള മോഡൽ ഏതെല്ലാം മേഖലകളെ ശക്തിപ്പെടുത്തി, എവിടെയൊക്കെ കോട്ടമുണ്ടായി എന്നിവ വിദഗ്‌ധരെ കൊണ്ട്‌ പരിശോധിപ്പിക്കും. ഈ പരിശോധനയിലൂടെ കൂടുതൽ നേട്ടങ്ങൾക്കാകും 14–-ാംപഞ്ചവത്സര പദ്ധതിക്കാലത്തെ പരിശ്രമം.

പഞ്ചായത്തുകൾ മുഖേന കൂടുതൽ തൊഴിൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൽപ്പാദനമേഖലയിൽ കേന്ദ്രീകരിച്ചിട്ടുണ്ട്‌. ഉൽപ്പാദനം വർധിച്ചതുകൊണ്ടുമാത്രം കാര്യമില്ല. സംഭരണം, വിതരണം എന്നീ മേഖലകൂടി ശക്തിപ്പെടുത്തി തൊഴിൽ അവസരം സൃഷ്ടിക്കുന്നതിൽ കുതിച്ചുചാട്ടമുണ്ടാക്കാൻ ശ്രമിക്കും.

മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരും

‘മദ്യനിരോധനം അല്ല, മദ്യവർജനമാണ്‌ ലക്ഷ്യം’ എന്ന പ്രഖ്യാപിത നയത്തിൽ ഉറച്ച്‌ മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന്‌ ഇടപെടും. വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉൽപ്പാദനം പരിശോധിക്കും.

യുവതലമുറയെ ഗ്രസിച്ചിരിക്കുന്നത്‌ പ്രധാനമായും കഞ്ചാവ്‌ ഉൾപ്പെടെയുള്ള മയക്കുമരുന്നാണ്‌. നടപടി ശക്തമാണെങ്കിലും ലഹരി ഉപയോഗം വർധിക്കുന്നതാണ്‌ അനുഭവം. തദ്ദേശഭരണ സ്ഥാപനങ്ങളിലെ കാൽലക്ഷത്തിലേറെ ജനപ്രതിനിധികളെ ലഹരിക്കെതിരായ ബോധവൽക്കരണത്തിന്‌ ഉത്തരവാദിത്തം നൽകും. കള്ളുചെത്തുതൊഴിൽ സംരക്ഷിക്കുന്നതിന്‌ നടപടി സ്വീകരിക്കും.

മന്ത്രിസഭയിൽ രണ്ടാമനില്ല

രണ്ടാമൻ ആരെന്ന്‌ മാധ്യമങ്ങൾ പതിവായി ചോദിക്കുന്നതാണ്‌. ലിസ്‌റ്റിൽ രണ്ടാമത്തെ പേരുകാരൻ രണ്ടാമനും അവസാനമുള്ളയാൾ ഇരുപത്തൊന്നാമനുമല്ല. മുഖ്യമന്ത്രിക്ക്‌ സവിശേഷ അധികാരമുണ്ട്‌. അതുകഴിഞ്ഞാൽ 20 പേരും തുല്യരാണ്‌.

നേതാവ്‌ മാറിയാൽ കോൺഗ്രസ്‌ രക്ഷപ്പെടില്ല

നേതൃസ്ഥാനത്തുനിന്ന്‌ ആര്‌ മാറിയാലും കോൺഗ്രസ്‌ രക്ഷപ്പെടില്ല. ആ പാർടി പിന്തുടരുന്ന നയമാണ്‌ തകർച്ചയ്‌ക്ക്‌ കാരണം. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതിനു പകരം കോൺഗ്രസ്‌ സ്വീകരിക്കുന്നത്‌ മൃദുഹിന്ദുത്വ സമീപനമാണെന്നും- മന്ത്രി പറഞ്ഞു.