മുഖ്യമന്ത്രിക്ക് ന്യൂനപക്ഷ വകുപ്പ് ഇച്ഛാശക്തിയോടെ കൈകാര്യം ചെയ്യാൻ കഴിയും: സമസ്ത

0
102

 

ന്യൂനപക്ഷ വകുപ്പ് ഇച്ഛാശക്തിയോടെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രിക്ക് കഴിയുമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം). വകുപ്പുകൾ തീരുമാനിക്കാനും നിർണയിക്കാനുമുള്ള അധികാരം സർക്കാരിന് നേതൃത്വം നൽകുന്നവർക്കൊണെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

വിഷയം വർഗീയവൽക്കരിക്കാനുള്ള മുസ്ലിംലീഗ് നീക്കത്തിന് തിരിച്ചടിയാണ് സമസ്തയുടെ നിലപാട്. ഇത്തരം രാഷ്ട്രീയ വിവാദങ്ങളിലേക്ക് സമസ്തയെ വലിച്ചിഴക്കേണ്ടതില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ സമസ്തക്ക് ബന്ധമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

വകുപ്പ് ആര് കൈകാര്യം ചെയ്താലും എല്ലാ ന്യൂനപക്ഷവിഭാഗങ്ങൾക്കും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് വിരുദ്ധമായത് പ്രകടമായാൽ അപ്പോൾ പ്രതികരിക്കും. സമുദായങ്ങളെ അകറ്റാൻ കാരണമാകുന്ന സാഹചര്യം ഉണ്ടാകരുത്. മുസ്ലിം സമുദായം അന്യായമായി പലതും കരസ്ഥമാക്കി എന്ന തെറ്റിദ്ധാരണാജനകമായ വിഷയത്തിൽ സർക്കാർ വസ്തുത വിശദീകരിക്കുന്നത് ഉചിതമായിരിക്കുമെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.