ട്രിപ്പിൾ ലോക് ഡൗൺ ഒഴിവാക്കി, നിയന്ത്രണങ്ങളുണ്ടാകും

0
57

 

 

തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക് ഡൗൺ ഒഴിവാക്കിയതോടെ കടുത്ത നിയന്ത്രണങ്ങളിൽ ശനിയാഴ്‌ച മുതൽ ഇളവുവരും. എന്നാൽ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ തുടരും. റോഡുകൾ അടച്ചുപൂട്ടിയുള്ള നിയന്ത്രണം ഒഴിവാകും. അവശ്യസേവന വിഭാഗങ്ങളിൽ ഒഴികെയുള്ളവർക്ക്‌ പുറത്തുപോകാൻ പൊലീസ്‌ പാസ്‌ വേണം. ട്രെയിനും വിമാനവും ഒഴികെയുള്ള പൊതുഗതാഗതം ഉണ്ടാകില്ല.

അവശ്യവസ്‌തുക്കളും മരുന്നും വാങ്ങാനും അവശ്യ സർവീസുകൾക്കും സ്വകാര്യ വാഹനം ഉപയോഗിക്കാം. അടിയന്തര വൈദ്യസഹായത്തിനും ട്രെയിൻ, വിമാന യാത്രക്കാരെ കൊണ്ടുപോകാനും ടാക്‌സി, ഓട്ടോ സർവീസാകാം. യാത്രാരേഖ വേണം.
മറ്റു ജില്ലകളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണം. അത്യാവശ്യമെങ്കിൽ സത്യപ്രസ്‌താവന കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകൾ കോവിഡ്‌ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌ത്‌ 20 പേരെ പങ്കെടുപ്പിച്ച്‌ നടത്താം.

ആൾക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, കായിക പരിപാടികൾ പാടില്ല. നിർമാണപ്രവർത്തനങ്ങൾ തുടരാം. അവശ്യ സർവീസുകൾ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക്‌ അവധി. ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഭക്ഷ്യവസ്‌തുക്കൾ വിൽക്കുന്ന കടകളും രാവിലെ ഏഴുമുതൽ രാത്രി 7.30 വരെ തുറക്കാം. പാഴ്‌സൽ മാത്രം. തട്ടുകട തുറക്കില്ല.

പഴം, പച്ചക്കറി, പാൽ, പലചരക്കുകടകൾ, റേഷൻ കടകൾ, മത്സ്യ, മാംസ വിൽപ്പനശാലകൾ, ബേക്കറികൾ, കാലിത്തീറ്റ വിൽപ്പനകേന്ദ്രങ്ങൾ, പൗൾട്രി തുടങ്ങിയവയ്‌ക്ക്‌ പ്രവർത്തിക്കാം. സഹകരണ മേഖലയുൾപ്പെടെ ബാങ്കുകൾ, ഇൻഷുറൻസ്‌, ധനസ്ഥാപനങ്ങൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്‌ക്ക്‌ ഒന്നുവരെ തുറക്കാം. വർക്ക്‌ഷോപ്പുകൾ ശനിയും ഞായറും പ്രവർത്തിക്കാം. ഇലക്‌ട്രിക്കൽ, പ്ലമ്പിങ്‌ സേവനങ്ങളാകാം. അവശ്യവസ്‌തുക്കളും കയറ്റുമതി ഉൽപ്പന്നങ്ങളും നിർമിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കും 24 മണിക്കൂറുമുള്ള ഉൽപ്പാദക യൂണിറ്റുകൾക്കും പ്രവർത്തിക്കാം.