ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും ഹമാസും തമ്മിൽ താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും പ്രാബല്യത്തിൽ വരികയും ചെയ്തതോടെ കഴിഞ്ഞ 11 ദിവസമായി തുടരുന്ന സൈനിക നടപടികൾക്ക് വിരാമം.
ഇതോടെ പലസ്തീൻ തെരുവുകളിൽ ജനം വിജയാഘോഷത്തിലാണ്. വെടിനിർത്തൽ ആഘോഷമായി ഗസയിലെയും ഫലസ്തീൻ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകൾ തെരുവുകളിലെത്തി കൊടികൾ പറത്തിയും വിജയ ചിഹ്നങ്ങൾ ഉയർത്തിക്കാട്ടിയും അവർ ആശ്വാസവിജയം നേടിയ പ്രതീതിയിലാണ്.
വെടിനിർത്തൽ ചർച്ചയ്ക്കുള്ള യുഎസ് നയതന്ത്ര ശ്രമത്തെ ഈജിപ്ത് പ്രസിഡന്റ് അൽസിസി പ്രശംസിച്ചു. ഈജിപ്തിന്റെ വെടിനിർത്തൽ പദ്ധതിയുടെ വിജയത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പങ്ക് അഭിനന്ദനം അർഹിക്കുന്നതായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി ട്വീറ്റ് ചെയ്തു. ഇസ്രയേൽ ബോംബാക്രമണത്തിൽ 65 കുട്ടികളടക്കം 232 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഹമാസിന്റെ തിരിച്ചടിയിൽ ഇസ്രയേലിൽ രണ്ട് കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടു. ആക്രമണം അവസാനിപ്പിച്ചതിന് ഇസ്രയേലിനെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുള്ള യുഎസ് സൈനിക പിന്തുണ തുടരുമെന്ന് ഉറപ്പ് നൽകിയതായും ജോ ബൈഡൻ പറഞ്ഞു.