ജനതയുടെ ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനം: എ. വിജയരാഘവന്‍

0
50

തിരുവനന്തപുരം: ജനതയുടെ ആത്മ വിശ്വാസത്തിന്റെ പ്രഖ്യാപനമാണ് തിരഞ്ഞെടുപ്പിലുണ്ടായ വന്‍ വിജയമെന്ന് ഇടതു മുന്നണി കണ്‍വീനറും സിപിഐഎം ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവന്‍. അതി സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാരില്‍ അവര്‍ അര്‍പ്പിച്ച വിശ്വാസമാണ് തുടര്‍ ഭരണമെന്ന ചരിത്രം രചിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെര്‍ച്വല്‍ അനുമോദന യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ അത്യപൂര്‍വ്വമായ ജനശ്രദ്ധയാണ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ലഭിച്ചത്. ദശ ലക്ഷകണക്കിന് പേരാണ് സത്യപ്രതിജ്ഞ പല മാര്‍ഗങ്ങളിലൂടെ കണ്ട് ആഹ്ലാദവും ആഘോഷവും നടത്തിയത്. ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ ചരിത്രം സൃഷ്ടിക്കപ്പെട്ടത് പോലെയാണ് ദശാബ്ദങ്ങള്‍ക്കിപ്പുറം ഇടതുപക്ഷത്തിന്റെ തുടര്‍ ഭരണം വന്നപ്പോഴും സൃഷ്ടിക്കപ്പെട്ടത്. തുടര്‍ ഭരണം തടയുന്നതിനു വേണ്ടി അത്യപൂര്‍വ്വമായ കൂട്ടുകെട്ടുകളാണുണ്ടായത്. യുഡിഎഫ് വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് ഇടതുപക്ഷത്തിനെതിരെ വ്യാപകമായി പ്രചാരണം നടത്തി. ബിജെപിയുമായി ചേര്‍ന്ന് വോട്ട് കച്ചവടം നടത്തി. ആരോപണങ്ങളെന്ന പേരില്‍ നുണ പ്രചാരണങ്ങള്‍ നടത്തി. ജാതി മത വര്‍ഗീയ ശക്തികളെല്ലാം ചേര്‍ന്നുള്ള കൂട്ടുകെട്ടിന് യുഡിഎഫ് നേതൃത്വം നല്‍കി. ജാതി സംഘടനാ നേതാക്കള്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തു വന്നു. ബിജെപി വര്‍ഗീയതയും വിശ്വാസവും പറഞ്ഞ് ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിച്ചു. ഫെഡറല്‍ തത്വങ്ങളെല്ലാം കാറ്റില്‍ പറത്തി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ അന്വേഷണങ്ങളുടെ പേരില്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. ജനാധിപത്യ മൂല്യങ്ങളെല്ലാം കാറ്റില്‍ പറത്തി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ചു. വലതുപക്ഷ മാധ്യമങ്ങളും അവര്‍ക്കൊപ്പം ചേര്‍ന്നു. എല്ലാ കള്ള പ്രചാരണങ്ങളെയും മറികടന്നാണ് ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നിന്നത്. സമ്പന്നരെ മാത്രം സഹായിക്കുന്ന കേന്ദ്ര സാമ്പത്തിക നയം സാധാരണക്കാരുടെ ജീവിതത്തെ പ്രയാസത്തിലാക്കിയപ്പോള്‍ കൈത്താങ്ങുമായി ഇടതു സര്‍ക്കാര്‍ രംഗത്തു വന്നു. ജനാധിപത്യ മര്യാദകള്‍ ലംഘിച്ചു പ്രവര്‍ത്തിച്ച പ്രതിപക്ഷത്തിനു ജനങ്ങള്‍ നല്‍കിയ തിരിച്ചടി കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. ഇതില്‍ നിന്നും പ്രതിപക്ഷം പാഠം പഠിക്കുകയാണ് വേണ്ടതെന്നും എ. വിജയരാഘവന്‍ പറഞ്ഞു. തെക്കന്‍ ജില്ലകളില്‍ യുഡിഎഫിനുള്ളത് നാല് എംഎല്‍എമാരാണ്. വലിയ വയനാട്ടിലും എറണാകുളത്തും മലപ്പുറത്തും മാത്രമാണ് ഇടതുപക്ഷത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫിനു ലഭിച്ചത്. മുഖ്യമന്ത്രി പറഞ്ഞത് പോലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തു. ഇടതുപക്ഷത്തിനെതിരെ ഉണ്ടായ വലിയ ഇടതുവിരുദ്ധ കൂട്ടായ്മയ്ക്ക് ലഭിച്ച തിരിച്ചടി ഒരു പാഠം തന്നെയാണ്.

പ്രതിസന്ധികാലങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചവരാണ് തുടര്‍ ഭരണത്തിനായി വോട്ടുകള്‍ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനവും സാധാരണക്കാരുടെ ജീവിത പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനുള്ളതാണ്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കി തുടങ്ങി. അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. അങ്ങനെ ഇടതുപക്ഷത്തില്‍ വിശ്വാസം അര്‍പ്പിച്ച ജനതയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും. തിരുവനന്തപുരം ജില്ലയില്‍ നേടിയ വലിയ വിജയത്തില്‍ പ്രവര്‍ത്തകരെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെയും എ. വിജയരാഘവന്‍ അഭിനന്ദിച്ചു.
കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിജയം രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ കരുത്തു പകരുമെന്ന് അനുമോദന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കേരളത്തിലെ സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള തുടര്‍ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ വലിയൊരു സാമൂഹ്യമാറ്റമായിരിക്കും ഇനിയുണ്ടാകുക. വികസന രംഗത്തും വലിയ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.എല്‍ഡിഎഫിനെതിരെയുണ്ടായ വലിയ കൂട്ടായ്മയെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പു വിജയത്തിനായി രംഗത്തിറങ്ങിയവരെയും വിജയിച്ച സ്ഥാനാര്‍ത്ഥികളെയും ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെയും ആനാവൂര്‍ നാഗപ്പന്‍ അഭിനന്ദിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ജയന്‍ബാബു സ്വാഗതവും ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി. വിക്രമന്‍ നന്ദിയും പറഞ്ഞു. ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരും പാര്‍ട്ടി നേതാക്കളും സൂം മീറ്റിംഗില്‍ പരിപാടിയില്‍ പങ്കെടുത്തു. സമൂഹമാദ്ധ്യമങ്ങളില്‍ പതിനാലായിരത്തിലധികം പേരാണ് തത്സമയം സമ്മേളനത്തില്‍ പങ്കെടുത്തത്.