മൂന്നു പതിറ്റാണ്ടിലധികമായി കേരളരാഷ്ട്രീയത്തിൽ ശ്രദ്ധേയമായ പേരുകളിൽ ഒന്നാണ് റോഷി അഗസ്റ്റിൻ. കേരളം കോൺഗ്രസ്സ് എമ്മിന്റെ നെടുംതൂണായ റോഷി അഗസ്റ്റിൻ. രാഷ്ട്രീയ അടിയൊഴുക്കുകളുടെയും, ചുവടുമാറ്റങ്ങളുടെയും ഇടയില് കേരള കോൺഗ്രസ്സ് എമ്മിന്റെ ഈടും പാവും നെയ്ത് കെ എം മാണിക്കും ഇപ്പോൾ ജോസ് കെ മാണിക്കും ഒപ്പം നിന്ന് പാർട്ടിയെ നയിക്കുന്ന റോഷി അഗസ്റ്റിൻ മന്ത്രിസ്ഥാനത്തേക്കെത്തുമ്പോൾ, യു ഡി എഫിനും കോൺഗ്രസ്സിനും നൽകുന്ന തിരിച്ചടി ചെറുതല്ല. റോഷി അഗസ്റ്റിൻ മന്ത്രിസഭയിലേക്കെത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് നാടും.
പാലാ ചക്കാമ്പുഴയിൽ ചെറുനിലത്തുചാലിൽ വീട്ടിൽ അഗസ്റ്റിൻ ലീലാമ്മ ദമ്പതികളുടെ മകനായി 1969 ജനുവരി 20 ന് ജനനം. സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നേതൃത്വത്തിലേക്ക് ഇടക്കോലി ഗവ. ഹൈസ്കൂൾ ലീഡറായി തുടക്കം. പിന്നീട് കെ.എസ്.സി (എം) യൂണിറ്റ് പ്രസിഡൻറായും പാലാ സെൻറ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡൻറായും യൂണിയൻ ഭാരവാഹിയായും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ നേതൃനിരയിലേക്കെത്തി.
കേരളാ കോൺഗ്രസ് (എം) ൻറെ ഭാരവാഹിയായിമാറി. കേരളാ ലീഗൽ എയ്ഡ് അഡ്വൈസറി ബോർഡ് മെമ്പറായും രാമപുരം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായി ആദ്യകാല പ്രവർത്തനം.
കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻറായിരിക്കെ അഴിമതിക്കും ലഹരിവിപത്തുകൾക്കുമെതിരെ 1995 ൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനിൽക്കുന്ന വിമോചന പദയാത്രയും 2001 ൽ വിമോചന യാത്രയും നടത്തി ശ്രദ്ധേയമായി. ഇരുപത്തിയാറാം വയസിൽ നിയമസഭയിലേക്കുള്ള കന്നിയങ്കം പേരാമ്പ്രയിൽ നിന്ന്.
കന്നിയങ്കത്തിൽ പരാജയം സംഭവിച്ചെങ്കിലും കെ.എം മാണിയുടെ പ്രിയ ശിഷ്യന് 2001 ൽ ഇടുക്കിയിൽ നിന്നും സിറ്റിങ് എം.എൽ.എ യെ പരാജയപ്പെടുത്തി ത്രികോണ മത്സരത്തിൽ മികച്ച വിജയം നേടി. തുടർന്നുള്ള അഞ്ച് തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടാനായി. കേരളാ കോൺഗ്രസ് (എം) പാർട്ടി ഉന്നതാധികാര സമിതി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.
ഇരുപത് വർഷം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ റോഷിയെ ശ്രദ്ധേയനാക്കി ഇടുക്കി മെഡിക്കൽ കോളേജും പുതിയ താലൂക്കും നിരവധിയായ റോഡുകളും പാലങ്ങളും ഹൈടെക് സൗകര്യങ്ങളോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും റോഷിയുടെ ഇച്ഛാശക്തിയുടെ ഭാഗമായാണ് യാഥാർത്ഥ്യമായത്.കെ എം മാണി ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെയാണ് ഇടുക്കിയിൽ മെഡിക്കൽ കോളേജിന് അനുമതി നൽകി പ്രാരംഭ പ്രവർത്തനം ആരംഭിച്ചു.
കഴിഞ്ഞ സർക്കാർ വന്നപ്പോഴും മുഖ്യ പരിഗണന നൽകി മുന്നോട്ട് കൊണ്ടുപോകാനായത് റോഷിയുടെ രാഷ്ട്രീയത്തിന് അതീതമായ പൊതു പ്രവർത്തനത്തിന്റെ വിജയമാണ്. ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ കർഷകർക്കുവേണ്ടി ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകി 2018 ഫെബ്രുവരിമാസം ഇടുക്കിയിൽ നിന്നും തിരുവനന്തപുരത്തേക്ക് കാൽനട സമരം നടത്തി കർഷകരുടെ ശബ്ദമായി മാറി. 2018ലെ മഹാപ്രളയത്തിൽ ജനങ്ങളോടൊപ്പം നിലകൊണ്ട് പുനർനിർമ്മാണം സാധ്യമാക്കാൻ കഴിഞ്ഞു.
സ്ഥലവും വീട് നഷ്ടപ്പെട്ടവർക്കും വരുമാന മാർഗങ്ങൾ നഷ്ടമായവർക്കും സർക്കാരിന്റെയും ഇതര ഏജൻസികളുടെയുംസഹായങ്ങൾ സമയബന്ധിതമായിഎത്തിക്കാനായി. പതിറ്റാണ്ടുകളായി മുടങ്ങികിടന്ന ഇടുക്കി കഞ്ഞികുഴി വില്ലേജുകളിലെ പട്ടയ പ്രശ്നം പരിഹരിക്കാനായതും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും പട്ടയം നൽകിയതും ഈ കാലയളവിലാണ്.
രാഷ്ട്രീയത്തിനതീതമായി നിയോജക മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾകൊണ്ട് നേടിയെടുത്ത സൗഹൃദങ്ങളും വ്യക്തി ബന്ധങ്ങളും വോട്ടായി റോഷി അഗസ്റ്റിന് മാറിയിട്ടുണ്ട് . എന്നും കേരള കോൺഗ്രസ് എം നേതാവ് കെ എം മാണിയോടൊപ്പവും അദ്ദേഹത്തിൻറെ മരണശേഷം അദ്ദേഹത്തിൻറെ മകനും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ മാണിയോടും വിശ്വസ്തതയും കൂറും പുലർത്തിയ റോഷിക്ക് താൻ ഉയർത്തിപ്പിടിച്ച നിലപാടുകളുടെ അംഗീകാരമായാണ് മന്ത്രിസ്ഥാനം ലഭിക്കുന്നത്.
കേരള കോൺഗ്രസിലെ പിളർപ്പിൽ റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ,ഡോ.എൻ ജയരാജ് എന്നിവർ ഉയർത്തിയ നിലപാടും നൽകിയ പിന്തുണയുമാണ് ജോസ് കെ മാണിക്ക് കേരള കോൺഗ്രസ് എം എന്ന പാർട്ടിയുടെ അംഗീകാരം നേടുവാനും തെരഞ്ഞെടുപ്പ് കമ്മീഷനിലും കോടതികളിലും നടന്ന വ്യവഹാരങ്ങളിൽ വിജയം കൈവരിക്കാൻ ആയതും പാർട്ടിയുടെ രണ്ടില ചിഹ്നം തിരികെ നേടുവാനും കഴിഞ്ഞത്.
അഞ്ചാം തവണ ഇടുക്കിയിൽ മത്സരത്തിനിറങ്ങിയപ്പോൾ രാഷ്ട്രീയത്തിന് അപ്പുറമായ വ്യക്തിബന്ധങ്ങളാണ് കടുത്ത മത്സരത്തിലും മുന്നണി മാറിയിട്ടും തിളക്കമാർന്ന വിജയം സമ്മാനിച്ചത്.
യു ഡി എഫ് കോട്ടകളിൽ പോലും മികച്ച ഭൂരിപക്ഷം നേടാനായത് രാഷ്ട്രീയ എതിരാളികളെ തന്നെ ഞെട്ടിച്ചു.. 5573വോട്ട് ഭൂരിപക്ഷം നേടി മികച്ച വിജയം നേടാനായത് റോഷിയുടെ വ്യക്തിപരമായ വിജയം കൂടിയാണ്.
മന്ത്രിസ്ഥാനം ലഭിക്കുവാൻ വ്യക്തിപരമായി യാതൊരു സമ്മർദ്ദവും ഉയർത്താതെ അതെല്ലാം പാർട്ടിചെയർമാൻ തീരുമാനിക്കുമെന്ന ഒറ്റവാക്കിൽ റോഷി ആരാണെന്നുള്ളതിന് ഉത്തരം ലഭിക്കും. കേരള കോൺഗ്രസ് എം രാഷ്ട്രീയത്തിലും മധ്യതിരുവിതാംകൂറിലും പ്രത്യേകിച്ച് മലയോര ജില്ലയായ ഇടുക്കിയിലും റോഷിയുടെ മന്ത്രി സ്ഥാനം പുതിയൊരു ചരിത്രമാകും.
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിൽ നേഴ്സ് ആയ റാണിയാണ് ഭാര്യ. മൂത്തമകൾ ആൻമരിയ വാഴത്തോപ്പ് സെൻറ് ജോർജ്ജ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. രണ്ടാമത്തെ മകൾ എയ്ഞ്ചൽ മരിയ എട്ടാം ക്ലാസിലും ഇളയ മകൻ അഗസ്റ്റിൻ രണ്ടാം ക്ലാസിലും തിരുവനന്തപുരത്ത് പഠനം നടത്തുന്നു.