ദൈവകൃപയിൽ യുപിയിലെ ആരോഗ്യ സംവിധാനങ്ങൾ പ്രവർത്തിക്കുന്നു: അലഹബാദ് ഹൈക്കോടതി

0
23

ദൈവത്തിൻറെ കരുണയിൽ യുപിയിലെ ആരോഗ്യ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുവെന്ന രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി.

സംസ്ഥാനത്തെ കൊവിഡ് വ്യാപനവും ക്വാറൻറൈൻ സംവിധാനത്തെയും സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇത്തരത്തിലുള്ള ഒരു വിമർശനം ഉന്നയിച്ചത്. മീററ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 64കാരൻ സന്തോഷ് കുമാറിൻറെ മരണം സംബന്ധിച്ച കേസിലാണ് ഈ നിരീക്ഷണം.

ഉത്തർ പ്രദേശിലെ ഗ്രാമങ്ങളിലേയും ചെറുനഗരങ്ങളിലേയും ആരോഗ്യ രക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് ദൈവത്തിൻറെ കരുണയിലെന്നാണ് കോടതിയുടെ വിമർശനം.

ഡോക്ടർമാർക്ക് തിരിച്ചറിയാൻ സാധിക്കാതിരുന്നതിനേ തുടർന്ന് സന്തോഷ് കുമാറിൻറെ മൃതദേഹം തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾക്കൊപ്പം സംസ്കരിക്കുകയായിരുന്നു. ജീവനക്കാർക്ക് സന്തോഷ് കുമാറിനെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് മാത്രമല്ല ഇയാളുടെ രോഗവിവരമടങ്ങിയ ഫയലും കണ്ടെത്താനായില്ല.

മീററ്റ് പോലുള്ള നഗരത്തിലെ മെഡിക്കൽ കോളജിലെ അവസ്ഥ ഇതാണെങ്കിൽ സംസ്ഥാനത്തെ താരതമ്യേന ചെറിയ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും സ്ഥിതി എന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. ഇവിടെയെല്ലാം ദൈവകൃപ എന്ന് മാത്രമേ പറയാനാവൂവെന്നും കോടതി വിലയിരുത്തി.

സംസ്ഥാന സർക്കാർ ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ ആവശ്യമായ സംവിധാനങ്ങളൊരുക്കണമെന്നും കോടതി പറഞ്ഞു.