നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിന് അർഹമായ അംഗീകാരം , ആൻറണി രാജു മന്ത്രിസഭയിൽ

0
85

അനന്തപുരിയുടെ ഹൃദയത്തിൽ നിന്നും അടിയുറച്ച നിലപടുകളും, ജനപിന്തുണയും നേടിയ ആന്റണി രാജു മന്ത്രിസഭയിൽ അംഗമാകുകയാണ്. വർഷങ്ങൾ നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിന് അർഹമായ അംഗീകാരം നൽകി ഇടതു മുന്നണി ആന്റണി രാജുവിനെ ചേർത്തുപിടിക്കുമ്പോൾ രാഷ്ട്രീയ കേരളത്തിനും മുന്നണി മര്യാദകൾക്കും പുതിയ മാനങ്ങൾ വരികയാണ്.

മുങ്ങിക്കൊണ്ടിരിക്കുന്ന യു ഡി എഫ് കപ്പലിലിരുന്ന് പി.ജെ. ജോസഫിന് ഈ സ്ഥാനലബ്ധി നഷ്ടഗാനങ്ങൾ പാടാം. കാലം ആരോടും കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ല. ആന്റണി മന്ത്രിയായാലും നാടിന് ഗുണമുണ്ടാകുമെന്ന് ജനങ്ങൾക്കും ഉറപ്പാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അത് വ്യക്തമാക്കുന്നു.

1954 നവംബർ 18 ന് തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിൽ ലൂർദമ്മയുടേയും എസ്. അൽഫോൺസിന്റേയും മകനായി ജനിച്ചു. തിരുവനന്തപുരത്തെ സെന്റ് തോമസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം എറണാകുളം കളമശ്ശേരി രാജഗിരി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

പിന്നീട് തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് പ്രീ ഡിഗ്രീ പൂർത്തിയാക്കി. മാർ ഇവാനിയസ് കോളേജിൽ നിന്ന് ബിരുദവും. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദവും നേടി.

കേരള കോൺഗ്രസ് പാർട്ടിക്കാരനായി രാഷ്ട്രീയ ജീവിതമാരംഭിച്ച ആൻറണി രാജു ഒരുകാലത്ത് അതിൻ്റെ ചെയർമാനായിരുന്ന പി.ജെ. ജോസഫിൻ്റെ വിശ്വസ്ഥനായിരുന്നു. 1991 മുതൽ ഇടതു മുന്നണി ഘടകകക്ഷിയായിരുന്ന കേരള കോൺഗ്രസ് (ജോസഫ്) ഗ്രൂപ്പിൽ അംഗമായിരുന്ന ആൻ്റണി രാജു 1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് നേതാവ് എം.എം. ഹസനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി.

2001-ൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥിയായ സി.എം.പി.യിലെ എം.വി.രാഘവനോട് പരാജയപ്പെട്ടു. 2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചില്ല.

2010-ൽ ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പിൽ ലയിച്ചെങ്കിലും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാണി ഗ്രൂപ്പ് വിട്ട് ജനാധിപത്യ കേരള കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ച് ജോസഫ് പക്ഷത്തെ പ്രമുഖ നേതാക്കളായ കെ. ഫ്രാൻസിസ് ജോർജ്, ഡോ. കെ.സി. ജോസഫ് എന്നിവർക്കൊപ്പം യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തേക്ക് ചേർന്നു.

2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനാധിപത്യ കേരള കോൺഗ്രസ് ടിക്കറ്റിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിലെ വി.എസ്. ശിവകുമാറിനോട് പരാജയപ്പെട്ടു.

2020-ൽ ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് പാർട്ടി വിട്ട് പി.ജെ. ജോസഫിൻ്റെ ഗ്രൂപ്പിൽ ലയിച്ചെങ്കിലും രാജുവും, കെ.സി. ജോസഫും ജനാധിപത്യ കേരള കോൺഗ്രസ് എന്ന പാർട്ടിയിൽ ഉറച്ചു ഇടതു പക്ഷത്ത് തന്നെ നിന്നു.

2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മത്സരിച്ച രാജു സിറ്റിംഗ് എം.എൽ.എയായിരുന്ന വി.എസ്. ശിവകുമാറിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭാംഗമായി.

പൊതുമേഖലാ സ്ഥാപനമായ തിരുവിതാംകൂർ സിമൻറ്സ് ലിമിറ്റഡിന്റെ ചെയർമാൻ.കരകൗശല വികസന കോർപ്പറേഷന്റെ ചെയർമാൻ.കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗം എന്നീ നിലയിലും ആന്റണി രാജു പ്രവർത്തിച്ചിട്ടുണ്ട്. അനുഭവ സമ്പത്തും, അടിയുറച്ച രാഷ്ട്രീയ ബോധവും, ഉറച്ച നിലപാടുകളും ആന്റണി രാജുവിനെ എന്നും വ്യത്യസ്തനാക്കി.

നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിന് അർഹമായ അംഗീകാരം നൽകി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇപ്പോൾ ആന്റണി രാജുവിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയാണ്.