കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ നടപടികളിൽ അതൃപ്തി; വിദഗ്‌ധസമിതി അധ്യക്ഷൻ ഡോ. ഷാഹിദ് ജമീൽ രാജിവെച്ചു

0
57

കേന്ദ്ര സർക്കാർ നിയോഗിച്ച കൊവിഡ് പ്രതിരോധ വിദഗ്‌ധസമിയിൽ നിന്നും സമിതി തലവനും പ്രമുഖ വൈറോളജിസ്റ്റുമായ ഡോ. ഷാഹിദ് ജമീൽ രാജിവെച്ചു. കോവിഡ് വകഭേദങ്ങളെ കണ്ടെത്താൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിയാണിത്. കൊറോണവൈറസിന്റെ ജനിതക മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും സർക്കാറിന് നിർദേശം നൽകാനുമാണ് വിദഗ്‌ധരെ ഉൾപ്പെടുത്തി സർക്കാർ പ്രത്യേകമായി ഇൻസാകോഗ്‌ രൂപീകരിച്ചത്‌. ഇന്ത്യൻ സാർസ്-കൊവി-2 ജെനോമിക്‌സ് ലാബുകളുടെ കൺസോർഷ്യം ആണ്‌ ഇൻസകോഗ്‌.

കൊവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങളെക്കുറിച്ചും ഈ വർഷം മെയ് മാസത്തിൽ ഉണ്ടായേക്കാവുന്ന കേസുകളുടെ വർധനവിനെക്കുറിച്ചും ഇൻസാകോഗ് മാർച്ചിൽ മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ നടപടി എടുത്തില്ല എന്നും അതിനാൽ രാജിവെക്കുന്നുവെന്നും ഷാഹിദ് ജമീൽ പറഞ്ഞു. താൻ ചെയ്തത് ശരിയായ കാര്യമാണെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും ഷാഹിദ് ജമീൽ പറഞ്ഞു.

വകഭേദം സംഭവിച്ച വൈറസുകൾക്ക് എളുപ്പത്തിൽ മനുഷ്യകോശത്തിലേക്ക് പ്രവേശിച്ച് രോഗപ്രതിരോധ ശേഷിയെ ചെറുക്കാൻ സാധിക്കുമെന്നും സമിതി സൂചിപ്പിച്ചിരുന്നു. എന്നാൽ ഈ ഡേറ്റ വിശകലനം ചെയ്യുകയോ ഉചിത നടപടി സ്വീകരിക്കുകയോ കേന്ദ്രം ചെയ്തില്ല.

കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ ഇന്ത്യയിലെ ശാസ്ത്രജ്ഞർ ശാസ്ത്രീയ അടിത്തറയിലൂന്നിയ നയരൂപീകരണത്തിന് വെല്ലുവിളി നേരിടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു

കോവിഡ് പരിശോധനക്കുറവ്, വാക്‌സിനേഷൻ വേഗതക്കുറവ്, വാക്‌സീൻ ലഭ്യതക്കുറവ് എന്നീ വിഷയങ്ങളും ഷാഹിദ് ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകാൻ കാരണമായ ബി.1.617 വകഭേദത്തെക്കുറിച്ച് മാർച്ച് തുടക്കത്തിൽ തന്നെ വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകിയിരുന്നതായും എന്നാൽ കേന്ദ്ര സർക്കാർ ഗൗരവത്തോടെ വിഷയത്തെ സമീപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.