വീടുകളിൽ കഴിയുന്ന രോഗികൾക്ക് സഹായമെത്തിക്കാൻ സ്റ്റുഡൻറ് പൊലീസ് കേഡറ്റിൻറെ പദ്ധതിക്ക് രൂപം നൽകി

0
32

കോവിഡ്മൂലമോ മറ്റ് രോഗങ്ങളാലോ വീടുകളിൽ തന്നെ കഴിയുന്ന രോഗികൾക്ക് വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ആവശ്യമായ നിർദ്ദേശങ്ങളും പിൻതുണയും നൽകാൻ സ്റ്റുഡൻറ് പൊലീസ് കേഡറ്റിൻറെ സഹായത്തോടെ ഒരു പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. മിഷൻ ബെറ്റർ ടുമാറോ, നൻമ ഫൗണ്ടേഷൻ എന്നിവരുടെ പിൻതുണയോടെയാണ് ഡോക്ടേഴ്സ് ഡെസ്ക് എന്ന ഈ സംവിധാനം നടപ്പിലാക്കുന്നത്. വിവിധ മേഖലകളിലെ വിദഗ്ധരായ നൂറ്റിയൻപതോളം ഡോക്ടർമാർ ഈ സംരംഭത്തിൻറെ ഭാഗമാണ്.

കൂടാതെ ക്വാറൻറൈൻ ലംഘനം പരിശോധിക്കുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായി വനിതാ പൊലീസിനെ നിയോഗിച്ചത് വളരെ വിജയകരമായതായാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും ഇത്തരം ജോലികൾക്ക് നിയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

വിവിധ സ്ഥലങ്ങളിലായി നടന്നുവന്ന പൊലീസ് കോൺസ്റ്റബിൾമാരുടെ പരിശീലന പരിപാടികൾ കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇങ്ങനെ പരിശീലനത്തിലായിരുന്നവരെ പൊലീസിനൊപ്പം വളൻറിയർമാരായി നിയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിശീലനത്തിലുണ്ടായിരുന്ന 391 വനിതകളെ അവരുടെ നാട്ടിലെ തന്നെ പൊലീസ് സ്റ്റേഷനിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും.

അതുപോലെതന്നെ പരിശീലനത്തിലുള്ള പുരുഷന്മാരായ 2476 പൊലീസുകാരെയും അവരുടെ നാട്ടിലെ പൊലീസ് സ്റ്റേഷനുകളിൽ നിയോഗിക്കും. പരിശീലനം നേടിക്കൊണ്ടിരിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 124 പേരെ ട്രൈബൽ മേഖലകളിൽ ഡ്യൂട്ടിക്ക് നിയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സബ് ഇൻസ്പെക്ടർ ട്രെയ്നിമാരായ 167 പേർ ഇപ്പോൾത്തന്നെ വിവിധ സ്ഥലങ്ങളിൽ വളൻറിയർമാരായി ജോലി നോക്കുന്നുണ്ട്.

കണ്ടെയ്ൻമെൻറ് സോണിൽ കോവിഡ് നിയന്ത്രണപ്രവർത്തനങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ റെസിഡൻസ് അസോസിയേഷനുകൾ മികച്ച സഹകരണമാണ് നൽകുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഇത്തരത്തിൽ കൂടുതൽ സഹകരണം ലഭിക്കുന്നത്. ഇത് മാതൃകയാക്കി പ്രവർത്തിക്കാൻ മറ്റു ജില്ലകളിലെയും റെസിഡൻസ് അസോസിയേഷനുകൾ മുന്നോട്ടുവരണമെന്ന് അഭ്യർഥിക്കുന്നു.