പുതിയ എൽഡിഎഫ് മന്ത്രിസഭ വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈകീട്ട് 3.30 ന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഒരുക്കുന്ന പൊതുവേദിയിൽ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുക.
കോവിഡ് സാഹചര്യം കണക്കിലെടുത്ത്, ഒഴിവാക്കാനാകാത്തവരെ മാത്രം ഉൾപ്പെടുത്തിയായരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. പരമാവധി 500 പേരാണ് 50000 പേർക്ക് ഇരിപ്പിടമുള്ള സ്‌റ്റേഡിയത്തിൽ പങ്കെടുക്കുക.ജനാധിപത്യത്തിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തിരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തിൽ ജനങ്ങളുടെ ആഘോഷതിമിർപ്പിനിടയിൽ തന്നെയാണ് സാധാരണനിലയിൽ നടക്കേണ്ടത്.
അതാണ് ജനാധിപത്യത്തിലെ കീഴ്‌വഴക്കവും. പക്ഷേ നിർഭാഗ്യവശാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ജനമധ്യത്തിൽ ജനങ്ങളുടെ ആഘോഷ തിമിർപ്പിനിടയിൽ ഇത് നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ തോതിൽ ഈ ചടങ്ങ് നടത്താൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘തിരുവനന്തപുരത്തെ സെൻട്രൽ സ്‌റ്റേഡിയം 50,000 പേർക്ക് ഇരിക്കാവുന്ന ഇടമാണ്. എന്നാൽ സ്റ്റേഡിയത്തിൽ പരമാവധി 500 പേരുടെ സാന്നിധ്യമാണ് ഇക്കുറി സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി ഉണ്ടാകുക. അഞ്ചു വർഷം മുമ്പ് ഇതേ വേദിയിൽ നാൽപതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തിൽ നടത്തിയ പരിപാടിയാണ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചുരുക്കുന്നത്. 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യ അല്ല എന്ന് കാണാൻ കഴിയും.
140 എംഎൽഎമാരുണ്ട്. 29 എംപിമാരുണ്ട്. സാധാരണ നിലയിൽ നിയമസഭാ അംഗങ്ങൾ ഉൾക്കൊള്ളുന്ന പാർലമെന്ററി പാർട്ടിയാണ് ഇതിനകത്തുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് തന്നെ. അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തിൽ ഉചിതമായ കാര്യമല്ല. ജനാധ്യത്തിന്റെ അടിത്തൂണുകളാണ് ലെജിസ്ലേറ്ററും എക്‌സിക്യുട്ടീവും ജുഡീഷ്യറിയും.