സ്ഥാപനങ്ങളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണം ലോകത്തെ വാർത്തകൾ അറിയിക്കാതിരിക്കാൻ: എപി, അൽജസീറ

0
102

ഇസ്രയേൽ ഭരണകൂടം ഗാസയിലെ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾക്ക്‌ നേരെ നടത്തിയ ആക്രമണം ഗാസയിലെ സ്ഥിതിഗതികൾ പുറംലോകത്തെ അറിയിക്കുന്നതിൽ നിന്നും തടയാനെന്നു അസോസിയേറ്റഡ്‌ പ്രസും(എപി) അൽ ജസീറയും. ശനിയാഴ്ചയാണ്‌ ഇവയുടേതടക്കം നിരവധി മാധ്യമ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയം ഇസ്രയേൽ സൈന്യം ബോംബിട്ട്‌ തകർത്തത്‌.

മാധ്യമസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നയിടം എന്ന്‌ വ്യക്തമായ ധാരണയോടെയായിരുന്നു ഇസ്രയേൽ ബോംബാക്രമണമെന്ന്‌ എപി സിഇഒ ഗാരി പ്രുയിറ്റ്‌ പറഞ്ഞു. ഗാസയിൽനിന്നുള്ള യഥാർഥ വിവരങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിൽനിന്ന്‌ മാധ്യമങ്ങളെ തടയാനാണ്‌ ഇസ്രയേൽ ലക്ഷ്യമിട്ടതെന്ന്‌ അൽ ജസീറ ഡയറക്ടർ ജനറൽ സഫാവത്‌ അൽ കഹ്‌ലൗത്‌ പറഞ്ഞു. കമ്മിറ്റി ടു പ്രൊട്ടക്ട്‌ ജേർണലിസ്‌റ്റ്‌സ്‌, റിപ്പോർട്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡേഴ്‌സ്‌ എന്നിവയും പ്രതിഷേധിച്ചു.

തുർക്കി സർക്കാർ ഉടമസ്ഥതയിലുള്ള അനദോളു ന്യൂസ്‌ ഏജൻസി ഡയറക്ടർ ജനറൽ സെർദാർ കരാഗോസ്‌ എപിയ്‌ക്കും അൽജസീറയ്‌ക്കും ഗാസയിൽ തങ്ങളുടെ ഓഫീസ്‌ ഉപയോഗിക്കാൻ അനുവദിക്കാമെന്ന്‌ അവയെ അറിയിച്ചു.

ആക്രമിക്കപ്പെട്ട അൽ ജലാല ടവറിൽ ഹമാസ്‌ രഹസ്യാന്വേഷ വിഭാഗം പ്രവർത്തിക്കുന്നതായി ഇസ്രയേൽ സൈന്യം ആരോപിച്ചത്‌ കെട്ടിട ഉടമ ജാവദ്‌ മെഹ്‌ദി നിഷേധിച്ചു. 12 നില കെട്ടിടത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകൾക്ക്‌ പുറമെ എതാനും വക്കീൽ ഓഫീസുകളും എൻജിനിയർമാരുടെ കാര്യാലയങ്ങളുമാണ്‌ ഉള്ളതെന്ന്‌ അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്റെ വാദം അസോസിയേറ്റഡ്‌ പ്രസ്‌ മേധാവിയും തള്ളി.