രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു, കേസുകൾ ഇന്ന് 3 ലക്ഷത്തിന് താഴെ

0
76

 

 

 

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് 3 ലക്ഷത്തിന് താഴെയാണ്. 2.82 ലക്ഷം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകൾക്കിടെ 4100 പേർ രോഗബാധിതരായി മരണമടഞ്ഞു. ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളിലേക്ക് ഉയർന്ന രോഗബാധിതരുടെ എണ്ണം ഇന്ന് 2.82 ലക്ഷത്തിലേക്ക് എത്തിയത് ആശ്വാസകരമാണ്.

പല സംസ്ഥാനങ്ങളും ലോക് ഡൗണിലേക്ക് പോയ പശ്ചാത്തലത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്. നേരത്തെ കൂടുതൽ രോഗബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ദില്ലിയിലും തമിഴ്‌നാട്ടിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാൽ പശ്ചിമബംഗാളിൽ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല.

പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് ഇന്ന് പുറത്തിറങ്ങും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് പത്തരക്ക് നടക്കുന്ന വിഡിയോ കോൺഫറൻസിൽ മരുന്ന് പുറത്തിറക്കുക.

ദില്ലിയിലെ ചില ആശുപത്രികളിൽ ആദ്യം മരുന്ന് നൽകും. ആദ്യഘട്ടത്തിൽ പതിനായിരം ഡോസ് പുറത്തിറക്കാനാണ് തീരുമാനം. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികൾക്കാവും ഈ മരുന്ന് നൽകുക. ഈ മരുന്ന് നൽകുന്നതോടെ രോഗികളുടെ താഴ്ന്ന ഓക്‌സിജൻ നില പൂർവാവസ്ഥയിലാകുമെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്.