സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; അതീവ ജാഗ്രത

0
27

 

അറബിക്കടലിൽ രൂപംകൊണ്ട ‘ടൗട്ടെ’ ചുഴലിക്കാറ്റിൽ സംസ്ഥാനത്ത്‌ നാശം വിതച്ച്‌ അതിതീവ്ര മഴയും കാറ്റും കടലാക്രമണവും. ടൗട്ടെ തീവ്ര ചുഴലിക്കാറ്റായി സംസ്ഥാനതീരം കടന്നെങ്കിലും ഭീതിയൊഴിഞ്ഞിട്ടില്ല. ചുഴലിക്കാറ്റിന്റെ പ്രഭാവം ഞായറാഴ്‌ചയും തുടരുമെന്നാണ്‌ മുന്നറിയിപ്പ്‌. എറണാകുളം, കോഴിക്കോട്‌ ജില്ലകളിൽ രണ്ടുപേർ മുങ്ങി മരിച്ചു.

കൊച്ചി തീരത്തുനിന്ന്‌ മീൻപിടിക്കാൻ പോയ ബോട്ട്‌ ലക്ഷദ്വീപിനടുത്ത്‌ മുങ്ങി എട്ടുപേരെ കാണാതായതായി വിവരമുണ്ട്‌. തമിഴ്‌നാട്‌ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്‌ ബോട്ട്‌.രൂക്ഷമായ കടലാക്രമണം ഒമ്പതു ജില്ലയെ ബാധിച്ചു. നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി. നിരവധി വീടുകൾ കടലെടുത്തു. റോഡുകൾ തകർന്നു. മരങ്ങൾ കടപുഴകി വീടുകൾക്കും വൈദ്യുതി പോസ്റ്റുകൾക്കും നാശമുണ്ടായി. ഗതാഗത തടസ്സവും വ്യാപകമായ കൃഷിനാശവുമുണ്ട്‌.

കനത്ത മഴ തുടരുന്നു

രണ്ടു ദിവസംമാത്രം സംസ്ഥാനത്ത്‌ ശരാശരി 145.5 മില്ലീമീറ്റർ മഴ പെയ്‌തു. 24 മണിക്കൂറിൽ കൊച്ചി നേവൽ ബേസിൽ 209 ഉം പീരുമേട്‌ 208 ഉം കൊടുങ്ങല്ലൂരിൽ 200 ഉം എറണാകുളം സൗത്തിൽ 170.8 ഉം മില്ലീ മീറ്റർ മഴ പെയ്‌തു. മണിമല, അച്ചൻകോവിൽ നദികളിൽ പ്രളയ മുന്നറിയിപ്പുണ്ട്‌. 68 ദുരിതാശ്വാസ ക്യാമ്പിലായി 502 കുടുംബത്തിലെ 1934 പേരെ മാറ്റിപ്പാർപ്പിച്ചു. ഞായറാഴ്‌ച എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും (തീവ്രമഴ) പ്രഖ്യാപിച്ചു. കേരള തീരത്ത് മീൻപിടിത്ത നിരോധനം തുടരും.

18ന്‌ ഗുജറാത്ത്‌ തീരം തൊടും

‘ടൗട്ടെ’ അതിതീവ്ര ചുഴലിക്കാറ്റായി ചൊവ്വാഴ്‌ച ഉച്ചയോടെ ഗുജറാത്ത്‌ തീരം തൊടുമെന്നാണ്‌ കാലാവസ്ഥാ പ്രവചനം. പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കടക്കുമ്പോൾ 175 കിലോമീറ്റർ വരെ വേഗത പ്രതീക്ഷിക്കുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഗോവയിലെ പനാജി തീരത്തുനിന്ന്‌ 250ഉം മുംബൈ തീരത്തുനിന്ന്‌ 650 കിലോമീറ്റർ അകലെയാണ്‌ കാറ്റ്‌.

അണക്കെട്ടുകളിൽ വെള്ളം പകുതിമാത്രം

കല്ലാർകുട്ടി, മൂഴിയാർ അണക്കെട്ടുകളിൽ മൂന്നാംഘട്ട മുന്നറിയിപ്പും (ചുവപ്പ്‌ അലർട്ട്‌) മലങ്കര അണക്കെട്ടിൽ രണ്ടാംഘട്ട മുന്നറിയിപ്പും (ഓറഞ്ച്‌ അലർട്ട്‌) നൽകി. നെയ്യാർ, കുറ്റ്യാടി, കാരാപ്പുഴ, ശിരുവാണി, കല്ലട, കാഞ്ഞിരപ്പുഴ, പീച്ചി, മണിയാർ, ഭൂതത്താൻകെട്ട്‌, മൂലത്തറ ഡാമുകളിൽനിന്ന്‌ നിയന്ത്രിത അളവിൽ വെള്ളം പുറത്തുവിടുന്നുണ്ട്‌. എന്നാൽ, സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ്‌ പകുതിയിൽ താഴെമാത്രമാണ്‌. കെഎസ്‌ഇബിയുടെ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 32 ശതമാനം വെള്ളമാണുള്ളത്‌.