ഗാസയിലെ ഇസ്രയേൽ കൂട്ടക്കുരുതി

0
68

ദേശാഭിമാനി മുഖപ്രസംഗം

ദിവസങ്ങളായി തുടരുന്ന ഇസ്രയേൽ കടന്നാക്രമണത്തിന്റെ ചോരപ്പുഴയിൽ വിറങ്ങലിച്ചുനിൽക്കുകയാണ്‌ ഗാസ മുനമ്പ്‌. മെയ്‌ ഏഴിന്‌ ഉച്ചയോടെ ആരംഭിച്ച ബോംബ്‌–-മിസൈൽ വർഷത്തിൽ കൊച്ചുകുട്ടികളും സ്‌ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾക്കാണ്‌ ജീവഹാനിയുണ്ടായത്‌.

2014 മധ്യത്തിൽ നടത്തിയ 50 ദിന കടന്നാക്രമണത്തിനുശേഷം ഇസ്രയേലി ഭാഗത്തുനിന്നുണ്ടായ ഏറ്റവും മാരകമായ വ്യോമാക്രമണമാണ്‌ ഗാസയിലേതെന്നു കാണാം.പലസ്‌തീൻ ചെറുത്തുനിൽപ്പിന്‌ നേതൃത്വം നൽകുന്ന ഹമാസിന്റെ ചില പ്രധാന നേതാക്കളെ വകവരുത്തിയതായി ഇസ്രയേൽ ഔദ്യോഗികമായി അവകാശപ്പെട്ടിട്ടുണ്ട്‌. ഗാസാ മേഖലാ മേധാവി ബാംബെം ഈസായും അതിൽ ഉൾപ്പെടുന്നു.

ജനവാസകേന്ദ്രങ്ങളും ആശുപത്രികളും മാർക്കറ്റുകളും ലക്ഷ്യമാക്കിയാണ്‌ ഇസ്രയേൽ മിസൈൽ ആക്രമണം. കൂറ്റൻ അപ്പാർട്ടുമെന്റുകൾ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്‌. ഇത്തരം നീക്കങ്ങൾക്കെതിരെ അന്താരാഷ്‌ട്ര സമൂഹം ശക്തമായ മുന്നറിയിപ്പുനൽകുമ്പോഴും ഗാസയെ പിച്ചിച്ചീന്താനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്‌ ബെഞ്ചമിൻ നെതന്യാഹു.

പലസ്‌തീൻ ജനതയുടെ എല്ലാവിധ പ്രതിഷേധത്തെയും ചോരയിൽ മുക്കിക്കൊല്ലാനാണ്‌ അദ്ദേഹത്തിന്റെ തീരുമാനം. നിരവധി പലസ്‌തീൻകാർ സൈന്യത്തിന്റെ പിടിയിലായി. ലോദിൽ നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും കരുതിക്കൂട്ടിയുള്ള നീക്കമാണ്‌. മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശ സംഘടനാ ഭാരവാഹികളെയും പെട്ടെന്ന്‌ ഒഴിപ്പിക്കുകയുണ്ടായി.

പൂർണാർഥത്തിലുള്ള യുദ്ധത്തിനാണ്‌ ഇസ്രയേൽ ഒരുങ്ങുന്നതെന്നാണ്‌ കാര്യങ്ങളുടെ ദിശ ചൂണ്ടുന്നത്‌. ഇസ്രയേൽ കരസേനയും ഗാസയിലേക്ക്‌ നീങ്ങുമെന്നാണ്‌ അവസാനം വരുന്ന വാർത്ത. ഇതു മനസ്സിലാക്കിയാണ്‌ ഞായറാഴ്‌ച ഐക്യരാഷ്‌ട്ര സംഘടനയുടെ സുരക്ഷാ കൗൺസിൽ അടിയന്തരയോഗം വിളിച്ചിരിക്കുന്നത്‌.

ഈജിപ്‌തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിലുള്ള സമാധാനശ്രമങ്ങൾ നടക്കുന്നുണ്ട്‌. ഇസ്രയേൽ ആഭ്യന്തര രാഷ്‌ട്രീയ പ്രതിസന്ധി നേരിടുന്നതിനാൽ ഈ മുൻകൈകൾ വേഗം ഫലപ്രാപ്‌തിയിൽ എത്തുമെന്ന്‌ കരുതാനാകില്ല.

ഇസ്രയേലിന്‌ ചെറുത്തുനിൽക്കാനും തിരിച്ചടിക്കാനും അവകാശമുണ്ടെന്ന തരത്തിലുള്ള അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്റെ പ്രസ്‌താവന സംഘർഷം ലഘൂകരിക്കാൻ ഉതകുന്നതെല്ലന്ന്‌ പറയേണ്ടതുണ്ട്‌. അമേരിക്കയിൽ ആര്‌ ഭരണത്തിൽ എത്തിയാലും അടിസ്ഥാന നയസമീപനങ്ങളിൽ മാറ്റമുണ്ടാകാൻ പ്രയാസമാണെന്ന വസ്‌തുത ബാക്കിയാകുകയാണ്‌.

 

യുദ്ധവ്യവസായവും കോർപറേറ്റുകളുമാണ്‌ പല തീരുമാനത്തിനും പിന്നിലെ രാസത്വരകം. മറ്റൊന്ന്‌ അമേരിക്ക ഏറ്റവും കൂടുതൽ സൈനിക സഹായം നൽകുന്ന രാജ്യമാണ്‌ ഇസ്രയേൽ എന്നതാണ്‌. ആ പിന്തുണയും പ്രശ്‌നം സങ്കീർണവും രക്തരൂക്ഷിതവുമാക്കുന്നുണ്ട്‌.

പലസ്‌തീൻ–- ഇസ്രയേൽ പ്രശ്‌നത്തെ ചരിത്രപരമായി പരിശോധിക്കുക അനിവാര്യമാണ്‌. എട്ടു ലക്ഷത്തിലേറെ പലസ്‌തീനികളെ സ്വന്തം മണ്ണിൽനിന്ന്‌ തുരത്തി രൂപപ്പെടുത്തിയ അധിനിവേശ രാജ്യമാണ്‌ ഇസ്രയേൽ. അതിനെ നിയന്ത്രിക്കാൻ അന്താരാഷ്‌ട്ര സംഘടനകൾക്കുപോലും ശേഷിയില്ലാത്തതാണ്‌ ക്രൂരതകൾ തുടരാൻ ധൈര്യം നൽകുന്നതും.

സിയോണിസ്റ്റ്‌ ഭരണകൂടത്തിന്റെ പ്രധാന മുഖമുദ്ര ഇരട്ടനീതിയാണ്‌. നിരപരാധികളായ ആയിരക്കണക്കിന്‌ പലസ്‌തീനികളെ അകാരണമായി പിടികൂടി നീണ്ട വർഷങ്ങളിൽ കാരാഗൃഹങ്ങളിൽ തള്ളുന്നതും പതിവാണ്‌. അന്താരാഷ്‌ട്ര നിയമങ്ങളും മര്യാദകളും കാറ്റിൽപ്പറത്തിയാണ്‌ കൂട്ടക്കുരുതികളും. അതിൽത്തന്നെ കൊച്ചുകുട്ടികളെ പ്രത്യേകം ലക്ഷ്യമിടുന്നത്‌ ഒരു ജനവിഭാഗത്തിന്റെ ഉൻമൂലനം മനസ്സിൽ വച്ചുകൊണ്ടുമാണ്‌.

തീ തുപ്പുന്ന മിസൈലുകളും ഇടിച്ചുനിരപ്പാക്കുന്ന ടാങ്കറുകളും നിരന്തരം ഒച്ചവയ്‌ക്കുന്ന അത്യാധുനിക ഇറക്കുമതി തോക്കുകളും ക്രൂരതയുടെ അധ്യായങ്ങൾ എഴുതുമ്പോൾ ഒരു ജനത നിലനിൽപ്പിനായി പോരാടുന്ന ഉജ്വലമായ ചിത്രമാണ്‌ പലസ്‌തീൻ.

 

ഇസ്രയേൽ ഭീകരതയ്‌ക്കുമേൽ ലോകമെങ്ങുമുള്ള ജനാധിപത്യവാദികളും സമാധാനപ്രേമികളും മനുഷ്യാവകാശ സംരക്ഷകരും കൂടുതൽ ഉച്ചത്തിൽ സംസാരിക്കേണ്ട വേളയിൽ ഇന്ത്യൻ ഭരണനേതൃത്വം ഇപ്പോഴും മൗനം അവലംബിക്കുന്നതും വല്ലപ്പോഴും ശബ്ദിച്ചാൽത്തന്നെ ഇസ്രയേലുമായി പലസ്‌തീനെ തുലനം ചെയ്യുന്നതും നമ്മുടെ വിദേശനയത്തിൽനിന്നുള്ള വ്യതിചലനമാണ്‌.

ചില കോൺഗ്രസ്‌ നേതാക്കൾ ഹമാസ്‌ തീവ്രവാദികളെന്ന്‌ വിശേഷിപ്പിച്ചതും സാമൂഹ്യനിരക്ഷരത തന്നെ. ചുരുക്കത്തിൽ ഗാസയിലെ ഇസ്രയേൽ കൂട്ടക്കുരുതി ക്രമസമാധന പ്രശ്‌നം എന്നതിലുപരി വ്യക്തമായ രാഷ്‌ട്രീയ സമസ്യയാണ്‌. ആ തിരിച്ചറിവോടെയാകണം പലസ്‌തീൻ ജനതയുടെ ചെറുത്തുനിൽപ്പിനെ കാണേണ്ടതും.