ന്യൂനമർദ്ദം ശക്തിപ്രാപിച്ചു; അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്

0
73

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് തീവ്രന്യൂനമർദം ആയി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിൻവലിച്ച് ഓറഞ്ച് അലർട്ട് ആക്കിയിരുന്നു. ഇതാണ് വീണ്ടും റെഡ് അലർട്ട് ആക്കിയത്. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കി.മീ തെക്ക്-തെക്ക് പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 360 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്.

അടുത്ത 12 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് ഒരു അതിതീവ്ര ന്യൂനമർദമായി (Deep Depression) മാറുമെന്നും ശേഷമുള്ള 12 മണിക്കൂറിൽ ചുഴലിക്കാറ്റായി (Cyclonic Storm) മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.