Sunday
11 January 2026
24.8 C
Kerala
HomeHealthഓക്സിജൻ ടാങ്കറുകൾ: കെഎസ്ആർടിസി ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കി, ആദ്യ സർവീസ് വെള്ളിയാഴ്ച

ഓക്സിജൻ ടാങ്കറുകൾ: കെഎസ്ആർടിസി ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കി, ആദ്യ സർവീസ് വെള്ളിയാഴ്ച

സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി തെരഞ്ഞെടുത്ത കെഎസ്ആർടിസി ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായി. ആദ്യ ബാച്ചിൽ പാലക്കാട് ജില്ലയിലെ 37 ഡ്രൈവർമാർക്ക് പാലക്കാട് വെച്ച് പരിശീലനം നൽകി. തുടർന്ന് ഓക്സിജൻ വിതരണം ചെയ്യുന്ന ഇനോക്സ് എയർ പ്രോഡക്ട് കമ്പനിയും പരിശീലനം നൽകി.

പരിശീലനം പൂർത്തിയാക്കിയവർക്ക് ആർടിഒ നൽകുന്ന ലൈൻസൻസും ഇനോക്സ് നൽകുന്ന സേഫ്റ്റി സർട്ടിഫിക്കറ്റും ലഭിക്കുന്ന മുറയ്ക്ക് വെള്ളിയാഴ്ച മുതൽ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്ന് കെഎസ്ആർടിസി പാലക്കാട് ഡിടിഒ ടി എ ഉബൈദ് അറിയിച്ചു.

എറണാകുളത്തെ ഐ ഫാസ്റ്റ് ഫയർ ആന്റ് സേഫ്റ്റിയിലെ ഡയറക്ടർ ശരത് ചന്ദ്രൻ, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിലെ ഫയർ ആന്റ് സേഫ്റ്റി ഓഫീസർ ഉലഹന്നാൻ, തൃശ്ശൂർ ഡെപ്യൂട്ടി ട്രാൻസ് പോർട്ട് കമ്മീഷണർ ശശികുമാർ, പാലക്കാട് ആർടിഒ ശിവകുമാർ എന്നിവരാണ് പരിശീലനം നൽകിയത്. സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ കൂടുതൽ സിലണ്ടറുകൾ എത്തിക്കുന്നതിന് വേണ്ടിയുള്ള ഡ്രൈവർമാരുടെ കുറവ് പരിഹരിക്കാൻ കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകറിനോട് സഹായം അഭ്യർത്ഥിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സിഎംഡി സർക്കുലർ ഇറക്കി. 450 തിൽ അധികം പേരാണ് വിവിധ വിഭാഗങ്ങളിൽ നിന്നും സന്നദ്ധ സേവനത്തിലായി താൽപര്യം അറിയിച്ചത്. അതിൽ നിന്നുള്ള ആദ്യ ബാച്ചിലെ 37 ഡ്രൈവർമാർക്കാണ് പരിശീലനം നൽകിയത്. തുടർന്ന് കൊച്ചിയിൽ നിന്നുള്ള 25 ഡ്രൈവർമാരെ പരിശീലനം നൽകും. കെഎസ്ആർടിസി പാലക്കാട് ജനറൽ കൺട്രോളിം​ഗ് ഇൻസ്പെക്ടർ വി സഞ്ജീവ് കുമാർ, ഇൻസ്പെക്ടർ വാസുദേവൻ എന്നിവരാണ് പരിശീലനം ഏകോപിപ്പിച്ചത്.

RELATED ARTICLES

Most Popular

Recent Comments