ഇസ്രായേലിൽ ഹമാസിന്റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയതായി മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ഇന്നലെ വൈകുന്നേരത്തോടെയാണ് സൗമ്യ സന്തോഷ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിലെ അഷ്‌കലോൺ നഗരത്തിന് നേർക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. ഇന്ത്യൻ സമയം 6.30 ഓടെയാണ് സൗമ്യ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.അഞ്ച് വർഷമായി സൗമ്യ ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ വനിതയും മരിച്ചു.
സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടിട്ടുണ്ട്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ കുടുംബത്തെ അറിയിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ട് വയസുകാരനായ മകനുണ്ട്.