സിഡ്‌നി: ശക്തമാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവനിര. ഇപ്പോഴത്തെ സീനിയര്‍ താരങ്ങള്‍ക്ക് പകരം വെക്കാവുന്ന താരങ്ങള്‍ ഇന്ത്യയുടെ ജൂനിയര്‍ തലത്തിലുണ്ട്. ഇന്ത്യയുടെ അടിത്തറ എത്രത്തോളം സുരക്ഷിതമാണ് എന്ന് തെളിയിക്കുന്നതാണ് ശ്രീലങ്കന്‍ പര്യടനത്തിന് അയക്കാന്‍ പോകുന്ന ടീം. സീനിയര്‍ താരങ്ങള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനം പുറപ്പെടുന്ന സാഹചര്യത്തിലാണ് ശ്രീലങ്കയിലേക്ക രണ്ടാംനിര ടീമിനെ അയക്കുന്നത്.
ഇന്ത്യയുടെ യുവനിരയെ ശക്തിപ്പെടുന്നതില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന് വലിയ പങ്കുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ പരിശീലകനും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനുമായിരുന്നു ഗ്രേഗ് ചാപ്പല്‍ പറയുന്നത് ഇതിന്റെ മറ്റൊരു ഭാഗമാണ്. യുവതാരങ്ങളെ വളര്‍ത്തികൊണ്ടുവരുന്നതില്‍ ഓസ്‌ട്രേലിയക്കുണ്ടായിരുന്ന പദ്ധതി ദ്രാവിഡ് ഇന്ത്യയില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നാണ് ചാപ്പല്‍ പറയുന്നത്. ചാപ്പലിന്റെ വാക്കുകള്‍… ”ഇന്ത്യ വളരെ വിജയകരമായിട്ടാണ് യുവതാരങ്ങളെ വളര്‍ത്തികൊണ്ടുവരുന്നത്. അതിന്റെ വലിയ പങ്ക് ദ്രാവിഡിനുണ്ട്. ഇക്കാര്യത്തില്‍ ഞങ്ങളുടെ തന്ത്രമാണ് ദ്രാവിഡ് ഉപയോഗിച്ചത്.
ഓസ്‌ട്രേലിയ പിന്തുടര്‍ന്നിരുന്ന പദ്ധതി ദ്രാവിഡ് അതുപോലെ ഇന്ത്യയില്‍ ഉപയോഗിച്ചു. ഇന്ത്യയില്‍ അത് പൂര്‍ണമായി വിജയിക്കുകയും ചെയ്തു. യുവതാരങ്ങളെ വളര്‍ത്തികൊണ്ടുവരുന്ന കാര്യത്തില്‍ ഞങ്ങളിപ്പോള്‍ പിറകിലാണ്. ഇംഗ്ലണ്ടും ഇന്ത്യയും ഞങ്ങളെ മറികടന്നു. പരമ്പരാഗതമായി യുവാക്കളെ ക്രിക്കറ്റിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ മികവ് പുലര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ഇംഗ്ലണ്ടും ഇന്ത്യയും ഞങ്ങളെ മറികടക്കുകയായിരുന്നു. ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കില്‍ മാത്രമെ രാജ്യന്തര തലത്തിലും ശക്തമായ സാന്നിധ്യമാവാന്‍ താരങ്ങള്‍ക്ക് സാധിക്കൂ.” ചാപ്പല്‍ പറഞ്ഞുനിര്‍ത്തി.
മുമ്പ് ചാപ്പല്‍ ഇന്ത്യന്‍ പരിശീലകനാകുന്ന സമയത്ത് തന്നെയാണ് ദ്രാവിഡ് ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത്. ഇരുവരുടെയും കീഴില്‍ 2007 ഏകദിന ലോകകപ്പിന് ഇറങ്ങിയ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയായിരുന്നു. പിന്നാലെ ഇരുവരേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കി.