ഹരിയാനയില്‍ അജ്ഞാതജ്വരം ബാധിച്ച്‌ 28 മരണം, ആശങ്കയോടെ നാട്ടുകാർ

0
86

കോവിഡ് രണ്ടാം തരംഗം അതിതീവ്രമായ പടരുന്നതിനിടെ ഹരിയാനയില്‍ അജ്ഞാതജ്വരം ബാധിച്ച്‌ 28 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റോത്തക്ക് ജില്ലയിലെ തിതോലി ഗ്രാമത്തിലാണ് കഴിഞ്ഞ പത്തു ദിവസത്തിനിടെ 28 പേര്‍ മരിച്ചത്. കോവിഡ് ആയിരിക്കാമെന്നതിനാൽ ജില്ലാ ഭരണകൂടം ഇവിടം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

സംഭവത്തെതുടര്‍ന്ന് ഗ്രാമവാസികള്‍ പരിഭ്രാന്തിയിലാണ്. അജ്ഞാതജ്വരമെന്ന്‌ നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും കോവിഡ് ബാധിച്ചാകാം ഇവര്‍ മരിച്ചതെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. ഗ്രാമത്തില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ അധികൃതർ പറഞ്ഞു. തിതോലിയിലും സമീപ ഗ്രാമപ്രദേശങ്ങളിലുമായി കോവിഡ് പരിശോധന നടത്തിയ 746 പേരില്‍ 159 പേരും കോവിഡ് പോസിറ്റീവാണ്.

പരിശോധിച്ചവരില്‍ 25 ശതമാനം പേരും കോവിഡ് പോസിറ്റീവായതിനാല്‍ പ്രദേശത്ത് വലിയരീതിയില്‍ പരിശോധനയും വാക്സിനേഷനും നടത്തുമെന്ന് ഗ്രാമം സന്ദര്‍ശിച്ച എസ്ഡിഎം സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് രാകേഷ് സെയ്നി അറിയിച്ചു.