ഗൂഢാലോചന ഉൾപ്പടെ പരിശോധിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് വിജ്ഞാപനമായി

0
83

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്‌പീക്കറെയും പ്രതി ചേര്‍ക്കാന്‍ ഗൂഡാലോചന നടന്നോ, പിന്നില്‍ ആരൊക്കെ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനാ വിഷയമാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ആറ് മാസമാണ് കമ്മീഷന്‍റെ കാലാവധി.

മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കാന്‍ ഗൂഢാലോചന നടന്നുവെന്ന സ്വപ്നാ സുരേഷിന്‍റെ ശബ്ദരേഖ, മന്ത്രിമാരെയും സ്പീക്കറെയും പ്രതിയാക്കാന്‍ ശ്രമം ഉണ്ടായെന്ന് കാണിച്ച്‌ സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്ത് നല്‍കിയത് എന്നിവയാണ് ജസ്റ്റിസ് വി കെ മോഹന്‍ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങള്‍. കേസില്‍ ഉന്നത നേതാക്കളെ പ്രതിചേര്‍ക്കാന്‍ ഗൂഢാലോചന നടന്നെങ്കില്‍ ഇതിന് പിന്നില്‍ ആരാണെന്നും കണ്ടെത്തണമെന്നതും കമ്മീഷന്‍റെ മുന്നിലുണ്ട്. തെരഞ്ഞെടുപ്പിന് മുന്നേ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സമാന വിഷയത്തില്‍ ഇഡിക്കെതിരായെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ജുഡീഷ്യല്‍ അന്വേഷണ നടപടിയും വേഗത്തിലാക്കുന്നത്.