കൊവിഡ്: രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പൂര്‍ണപരാജയം, വിമര്‍ശനവുമായി ഐഎംഎ

0
83

കൊവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പൂര്‍ണമായും പരാജയപ്പെട്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). രണ്ടാം തരംഗം അതിതീവ്രമായി പടരുകയും പ്രതിദിന രോഗികളുടെ എണ്ണം നാലുലക്ഷം കവിയുകയും മരണനിരക്ക് കൂടുകയും ചെയ്ത പശ്ചാത്തലത്തിലാണ് രൂക്ഷവിമര്‍ശനവുമായി ഐഎംഎ രംഗത്തുവന്നത്. കൊവിഡ് രണ്ടാം തരംഗത്തിലെ പ്രതിസന്ധികള്‍ നേരിടുന്നതിന്റെ കാര്യത്തില്‍ വകുപ്പില്‍നിന്നുള്ള കടുത്ത അലസതയും അനുചിതമായ നടപടികളും കണ്ട് ആശ്ചര്യപ്പെടുന്നതായി ഐഎംഎ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഐഎംഎയും മറ്റ് ആരോഗ്യരംഗത്തെ പ്രഫഷനലുകളും നല്‍കിയ നിര്‍ദേശങ്ങളും അഭ്യര്‍ഥനകളും കേന്ദ്രസര്‍ക്കാര്‍ ചവറ്റുകൊട്ടയില്‍ തള്ളി. അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെയാണ് കേന്ദ്രം തീരുമാനങ്ങളെടുക്കുന്നത്. അവബോധമുണ്ടാക്കാനോ കൂട്ടായ ജാഗ്രത ഉറപ്പാക്കാനോ നടപടിയുണ്ടായില്ല. വൈറസ് വ്യാപനത്തിന്റെ ശൃംഖല തകര്‍ക്കാന്‍ ദേശീയ സമ്പൂർണ ലോക്ക്ഡൗണ്‍ സഹായിക്കും. അതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഐഎംഎ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നിട്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തയ്യാറായില്ല. ദേശീയ ലോക്ക്ഡൗണിന് പകരം ഏതാനും സംസ്ഥാനങ്ങളില്‍ രണ്ടാഴ്ച വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സ്ഥിതിയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇനിയെങ്കിലും ഉറക്കത്തില്‍നിന്ന് ഉണര്‍ന്ന് ഇടപെടല്‍ നടത്തണമെന്നും ഐഎംഎ പറഞ്ഞു.

ശാസ്ത്രീയ വസ്തുതകളെ അടിസ്ഥാനമാക്കി ഏപ്രില്‍ 6 മുതല്‍ ഐഎംഎ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും താങ്ങാനാവുന്നതുമായ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മെയ് മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍, ആവശ്യമായ റോഡ്മാപ്പ് തയ്യാറാക്കുന്നതിനും വാക്‌സിന്‍ സ്‌റ്റോക്ക് ഉറപ്പാക്കുന്നതിനും മന്ത്രാലയം പരാജയപ്പെട്ടു. ഭൂരിഭാഗം സ്ഥലങ്ങളിലും 18 വയസിന് മുകളില്‍ വാക്‌സിനേഷന്‍ പ്രക്രിയ നടന്നിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പോലും നടപ്പാക്കാതായപ്പോള്‍ ഇനി ആരെയാണ് കുറ്റപ്പെടുത്തേണ്ടത്.

വാക്‌സിനേഷന്റെ 50 ശതമാനം ചെലവ് സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് കേന്ദ്രം പറയുന്നത്. കഴിഞ്ഞ ഏഴുദിവസമായി ചെറുകിട, ഇടത്തരം സ്വകാര്യാശുപത്രികളില്‍ വാക്‌സിന്‍ ലഭ്യമല്ല. വാക്‌സിന്‍ ക്ഷാമവും അമിത വിലക്കയറ്റവുമാണ് ഇപ്പോള്‍ രാജ്യം നേരിടുന്നത്. സൗജന്യ വാക്‌സിനേഷനിലൂടെയാണ് രാജ്യത്ത് വസൂരിയും പോളിയോയും നിര്‍മാര്‍ജനം ചെയ്തതെന്ന് ഐഎംഎ ഓര്‍മപ്പെടുത്തി. ഓക്‌സിജന്റെ പ്രതിസന്ധി രൂക്ഷമായി. ആളുകള്‍ ഓക്‌സിജനില്ലാതെ മരിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരിനെ മുന്‍നിരയില്‍ കാണുന്നില്ല. സാങ്കേതികവും ഭരണപരവുമായ പാടവമുള്ളവരെ ഉള്‍പ്പെടുത്തി ആരോഗ്യശൃംഖലയൊന്നാകെ പരിഷ്‌കരിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസ് (ഐഎംഎസ്) രൂപീകരിക്കണം. പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യാന്‍ പുതുതായി ഒരു സംയോജിത മന്ത്രാലയം രൂപീകരിക്കണം.

ജനങ്ങളെ മുന്നില്‍നിന്നു നയിക്കാന്‍ പ്രാപ്തിയുള്ള ഒരു മന്ത്രിയെയും നിയോഗിക്കണം. യഥാര്‍ഥ കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവക്കുന്നതിനെതിരേയും ഐഎംഎ രംഗത്തുവന്നു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ യഥാര്‍ഥ മരണങ്ങള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നത്? യഥാര്‍ഥ മരണങ്ങളെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്ക് അറിയാമെങ്കില്‍, കൊവിഡിന് അനുയോജ്യമായ പെരുമാറ്റങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവരുടെ ഗൗരവം ഉയരുമെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു.