യുഡിഎഫ് നേതാക്കൾ തിരുവല്ലയിൽ വന്നാൽ കയ്യും കാലും തല്ലിയൊടിക്കുമെന്ന് യൂത്ത് കോൺഗ്രസ്

0
89

 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകനയോഗമെന്നും പറഞ്ഞ് ഏതെങ്കിലും യുഡിഎഫ് നേതാക്കളോ കോൺഗ്രസ് നേതാക്കളോ തിരുവല്ലയിൽ വന്നാൽ കയ്യും കാലും തല്ലിയൊടിക്കുമെന്ന് യൂത്ത് കോൺഗ്രസ്. സാധാരണ പറയുന്നതുപോലെയല്ലിത്. ഏതെങ്കിലും നേതാവ് ഇങ്ങോട്ട് വന്നാൽ കായികമായി നേരിടുകതന്നെ ചെയ്യും.

കയ്യും കാലും തല്ലിയൊടിച്ചിരിക്കുമെന്നും യൂത്ത്‌കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി. മുതിർന്ന യുഡിഎഫ് നേതാക്കളായ പി ജെ കുര്യൻ, ജോസഫ് എം പുതുശേരി, വിക്ടർ തോമസ്, വർഗീസ് മാമൻ എന്നിവരെ പേരെടുത്ത് പറഞ്ഞാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ വിമർശനം. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി തുടങ്ങിയ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് ഈ ശബ്ദസന്ദേശം പ്രചരിക്കുന്നത്.

തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി പോളിന്റെ കനത്ത തോൽവിക്ക് കാരണം മുതിർന്ന നേതാക്കൾ തന്നെയാണ്. സ്വന്തം സ്ഥാനാർത്ഥിയെ ഇക്കൂട്ടർ കാലു വാരിയെന്നും അവസാന നിമിഷം പാലം വലിച്ചെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. വാരിയ മുതിർന്ന നേതാക്കൾക്കെതിരെ വലിയ രോഷമാണ് പ്രകടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനത്തിനായി തിരുവല്ലയിൽ എത്തിയാൽ ഇവരെ കായികമായി നേരിടുമെന്ന് തന്നെയാണ് പ്രവർത്തകർ പറയുന്നത്.

പി ജെ കുര്യൻ, ജോസഫ് എം പുതുശേരി, വിക്ടർ തോമസ്, വർഗീസ് മാമൻ എന്നിവർ അവലോകനയോഗത്തിൽ പേരിൽ മണ്ഡലത്തിൽ കാലു കുത്തിയാൽ തല്ലുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നുണ്ട്. തിരുവല്ലയിൽ ലഭിക്കാവുന്ന മികച്ച സ്ഥാനാർത്ഥിയെ കിട്ടിയിട്ടും നേതാക്കൾ പാലം വലിച്ചെന്നാണ് ആക്ഷേപം.

ഓരോ നേതാവും നടത്തിയ മുന്നണി വിരുദ്ധ പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തിയാണ് ഓഡിയോ സന്ദേശം പ്രചരിപ്പിക്കുന്നത്. ചില പ്രാദേശിക നേതാക്കൾക്കെതിരെയും കടുത്ത വിമർശനമുണ്ട്. ഓരോ നേതാവിന്റെയും വാർഡിൽ ഒട്ടിച്ച പോസ്റ്ററിന്റെ കണക്കുപോലും പ്രവർത്തകർ പറയുന്നുണ്ട്. സ്ഥാനാർത്ഥി കുഞ്ഞുകോശി പോളിന്റെ പക്കൽ നിന്നും പണം വാങ്ങിയിട്ട് പറ്റിച്ചു എന്നാണ് പ്രാദേശിക നേതാക്കളെപ്പറ്റിയുള്ള ആക്ഷേപം.

യുഡിഎഫിന്റെ നിയോജക മണ്ഡലത്തിലെ ഭാരവാഹികളായ യൂത്ത് കോൺഗ്രസ് നേതാക്കളാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി തുടങ്ങിയ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ചിട്ടുള്ളത്.