കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചതിനെ പരിഹസിച്ച തീവ്ര സംഘപരിവാർ പ്രചാരകൻ ശ്രീജിത്ത് പണിക്കർക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം വ്യാപകം. രോഗിയെ രക്ഷിച്ച പ്രവൃത്തിയെ രണ്ട് ബ്രഡുകൾക്കിടയിൽ ജാം തേക്കുന്നതിനോട് ഉപമിക്കുകയും ബലാത്സംഗ പരാമർശം നടത്തുകയുമായിരുന്നു ഇയാൾ.
ഇത്തരം വികൃത മനസ്സുള്ളവരെ ചാനൽചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്ന് നിരവധിപേർ ആവശ്യമുന്നയിച്ചു. ശ്രീജിത്തിൻറെ പോസ്റ്റിന് കീഴിലും മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച വാർത്തകൾക്ക് കീഴിലും രൂക്ഷ വിമർശനമാണ് ഉയരുന്നത്. അത്യന്തം വിദ്വേഷം വമിക്കുന്ന സംഘ്പരിവാർ പ്രചാരകനാണ് ഇയാളെന്നും ചാനൽ ചർച്ചകളിൽ ഇടം കൊടുക്കരുതെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
ഇയാൾ പങ്കെടുക്കുന്ന ചാനൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഇടത് നിരീക്ഷകൻ ഡോ . പ്രേംകുമാർ വ്യക്തമാക്കി. സഹജീവിയെ മരണത്തിൽ നിന്നെടുത്തു കുതിക്കുന്ന മനുഷ്യരെ കാണുമ്ബോൾ റേപ്പിൻറെ സാധ്യതകൾ നിരീക്ഷിക്കുന്നയാളോട് സംവദിക്കാൻ തന്നെകൊണ്ടാവില്ലെന്നും പ്രേംകുമാർ പറഞ്ഞു. ശ്രീജിത്ത് പണിക്കർ ഉള്ളൊരു പാനലിലും താനുണ്ടാവില്ലെന്നും ഇതിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തോട്, മുസ്ലിംകളോട്, ഇവിടത്തെ സാദാ മനുഷ്യരോട്, സംഘിയില്ലാത്ത സകലതിനോടുമുള്ള അകം തുളച്ചു പുറത്തു ചാടുന്ന അതി തീവ്രമായ വെറുപ്പാണ് ശ്രീജിത്തിൻറെ ആകെയുള്ള ബൗദ്ധിക ഇന്ധനമെന്ന് ആർ ജെ. സലീം ചൂണ്ടിക്കാട്ടി. ‘എന്തിലേക്കും ഏതിലേക്കും കൊണ്ട് വരുന്ന അറപ്പുളവാക്കുന്ന ലൈംഗിക വൈകൃത പരാമർശങ്ങൾ. ഒരാളുടെ അത്യാസന്ന നിലയിൽ പോലും അതിനോട് ചേർത്ത് റേപ്പ് ജോക് അടിക്കുന്ന വെറും മൂന്നാംകിട സൈക്കോ.
അയാളെ ഇനിയും ചാനലുകളിൽ കൊണ്ടിരുത്തി ഈ സമൂഹത്തിലേക്ക് ക്യാൻസർ കടത്തി വിടരുതെന്നും സലിം കുറിച്ചു. മാധ്യമപ്രവർത്തകരായ കെ.എ ഷാജി, കെ.ജെ ജേക്കബ് തുടങ്ങിയവരും ശ്രീജിത്ത് പണിക്കർക്കെതിരെ രംഗത്തെത്തി. ഇതിനുപുറമെ പതിനായിരങ്ങളാണ് ഇയാൾക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നത്.