‘സർവജ്ഞ പണിക്കരെ’ വിളിച്ചിരുത്തുന്ന ചാനലുകൾക്ക് കൃത്യമായ അജണ്ടയെന്ത്? പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാകുന്നു

0
145

ആലപ്പുഴയിൽ അത്യാസന്ന നിലയിലായ കൊവിഡ് രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനായി പിപിഇ കിറ്റ് ധരിച്ച് ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചതിനെ അശ്ലീലമായി പരിഹസിച്ച തീവ്ര സംഘ്പരിവാർ പ്രചാരകൻ ശ്രീജിത്ത് പണിക്കരുടെ പരാമർശം വിവാദമാകുമ്പോൾ ചർച്ചയാകുന്നത് പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരാഴ്ച മുമ്പാണ് പണിക്കരുടെ സ്വഭാവ വൈകൃതം ചൂണ്ടിക്കാട്ടി പ്രമോദ് പുഴങ്കര ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതിനെതിരെ മനോവൈകൃതം നിറഞ്ഞ പരിഹാസമായിരുന്നു ഒരു വിഭാഗത്തിന്റേത്. ഇത്തരം മനോവൈകൃതമുള്ളവരെ ചർച്ചക്ക് വിളിക്കുന്ന ചാനലുകളുടെ അജണ്ട എന്താണെന്നു അന്ന് പ്രമോദ് പോസ്റ്റിൽ ചോദിച്ചിരുന്നു. അതാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. പ്രമോദ് പുഴങ്കരയുടെ പോസ്റ്റിന്റെ പൂർണ രൂപം.

തന്നോട് തർക്കിക്കുന്നവരുടെയെല്ലാം അമ്മയുടെ ജാരനാണ് താനെന്നും ഒന്നുകൂടി കടന്ന് അവരുടെയൊക്കെ തന്ത തന്നെയാണ് താനെന്നും ഘോഷിക്കുന്ന മനോവൈകൃതമുള്ള ഒരു വഷളൻ എങ്ങനെയാണ് കേരളത്തിലെ വാർത്താ ദൃശ്യ മാധ്യമങ്ങളിലെ സ്ഥിരം നിരീക്ഷകനാകുന്നത് എന്നാണ് നമ്മൾ ചോദിക്കേണ്ടത്.

ഒരു വ്യക്തി എന്ന നിലയിൽ ഇത്രയേറെ വഷളനായാലും അയാളെ മലയാളികളുടെ സാമൂഹ്യ സംവാദത്തിന്റെ പ്രതിനിധാനമാക്കുന്നതിൽ മലയാള ടെലിവിഷൻ വാർത്താ ചാനലുകൾ വഹിച്ച പങ്ക് അപലപനീയമാണ്. അതായത് ഓക്കാനം വരുത്തുന്ന ഭാഷാ പ്രയോഗവും പതിനാറാം തരം തർക്കയുക്തിയും കൊണ്ടുനടക്കുന്ന ഒരു ഹിന്ദുത്വവാദിയെ എന്തുകൊണ്ടാണ് ചാനൽ ചർച്ചകളിൽ കൊണ്ടിരുത്തുന്നത് എന്ന് ചോദിക്കേണ്ടതുണ്ട്.
ശ്രീജിത് പണിക്കർ എന്ന സർവ്വനിരീക്ഷകന്റെ ഫേസ്ബുക് പേജ് ഒന്ന് നോക്കിയാൽ മതി അയാളുടെ യുക്തിയും രീതിശാസ്ത്രവും മത വർഗീയതയുടെയും സ്ത്രീവിരുദ്ധതയുടെയും ജനാധിപത്യ വിരുദ്ധതയുടെയും പൂരപ്പറമ്പാണെന്ന് മനസിലാക്കാൻ. ഇതൊന്നും കാണാത്തവരല്ല കേരളത്തിലെ ചാനൽ ചർച്ചാ അവതാരകർ. അതുകൊണ്ടുതന്നെ വളരെ ബോധപൂർവം ഇത്തരത്തിലൊരു ഹിന്ദുത്വവാദിയെ സമൂഹത്തിൽ സ്ഥാപിച്ചെടുക്കുക എന്നത് ഒരു അജണ്ടയാണ് എന്നുതന്നെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇത്രയേറെ സംസ്‌കാര ശൂന്യമായി പൊതുവിടങ്ങളിൽ എഴുതിനിറയുന്ന ശ്രീജിത് പണിക്കർക്ക് തങ്ങളുടെ ചർച്ചകളിൽ ഒരിടം കിട്ടുന്നു എന്ന് കാണിക്കുമ്പോൾ ചാനൽ ചർച്ചകളുടെ അവതാരകർ തങ്ങൾക്ക് ആ രീതികളിൽ എതിർപ്പില്ല എന്നുകൂടിയാണ് പറയുന്നത്. ഒരാളുടെ രാഷ്ട്രീയം വെച്ചുകൊണ്ടോ, രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധി എന്ന നിലയ്ക്കോ അയാളെ ചർച്ചക്ക് വിളിക്കുന്നതിൽ തെറ്റില്ല. അത്തരം കാരണങ്ങൾക്കൊണ്ടുതന്നെ ഒഴിവാക്കാനാകുമില്ല. എന്നാൽ ഒരു വിദഗ്ധ നിരീക്ഷകനെ വിളിക്കുമ്പോൾ അയാളുടേത് അപൂർവമായ സാങ്കേതിക വൈദഗ്ധ്യം ഒന്നുമല്ലാതിരിക്കേ, ശ്രീജിത് പണിക്കരെപ്പോലൊരു വഷളനെ വിളിക്കുന്നത് അവതാരകർ തങ്ങളുടെ മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നത് പോലെയാണ്. കാരണം ഒരു രാഷ്ട്രീയ പ്രതിനിധിയെ വിളിക്കുമ്പോൾ ചാനലിന് തങ്ങളുടെ മാനദണ്ഡങ്ങൾ വെക്കാൻ പ്രായോഗിക ബുദ്ധിമുട്ടു കാണും, പക്ഷെ സർവ്വജ്ഞ പണിക്കന്മാരെ വിളിക്കുമ്പോൾ അങ്ങനെയല്ല, അതൊരു ബോധപൂർവ്വമുള്ള തെരഞ്ഞെടുപ്പാണ്.

ജനാധിപത്യരീതിയിലുള്ള, ആക്രോശങ്ങളും അലറലുകളും ഇല്ലാത്ത ചർച്ചാ രീതികൾ മലയാളം വാർത്താ ചാനലുകളിൽ ഇല്ല എന്നുതന്നെ പറയാം. ചർച്ചയിൽ പങ്കെടുക്കുന്നവരുടെ ആക്രോശങ്ങളും വെല്ലുവിളികളും ഇടകലർന്നുള്ള ബഹളങ്ങളും മാത്രമല്ല, വാർത്താ അവതാരകരുടെ അവനവൻ പുരാണങ്ങളും പ്രസംഗങ്ങളും വരെ നിറഞ്ഞതാണ് മിക്കപ്പോഴും ഇത്തരം ചർച്ചകൾ. ഇതിനൊരു മാറ്റം വേണമെന്ന് തോന്നാനുള്ള കാലം അതിക്രമിച്ചു.
എന്തായാലും അതവിടെ നിൽക്കട്ടെ. കാരണം ശുഭപ്രതീക്ഷയുള്ള ഒരു കാര്യമല്ല അത്. പണിക്കരുണ്ടാക്കുന്ന മലിനീകരണമെങ്കിലും ഒഴിവാക്കിക്കിക്കിട്ടാനുള്ള അവകാശം മലയാളികൾക്കുണ്ട്. ‘നിന്റെ അമ്മയെ ഞാൻ അന്വേഷിച്ചു എന്നു പറയ്, കുറേക്കാലമായി കണ്ടിട്ട്’ എന്നുമൊക്കെ അശ്ലീലധ്വനിയോടെ പറയുന്ന പണിക്കരുടെ മനോവൈകൃതത്തിനു താഴെ ആർത്തട്ടഹസിച്ചു ബലേ ഭേഷ് പറയുന്നവരിൽ നമ്മെ അമ്പരപ്പിക്കും വിധം വൈവിധ്യമുണ്ട്.

പണിക്കരുടെ ഏറ്റവും പ്രബലമായ Fixation മറ്റുള്ളവരുടെ അമ്മയുടെ ജാരൻ എന്ന് സ്വയം വിളിച്ചു പറയുന്നതിലാണ്. മിക്കപ്പോഴും നിരവധിയാളുകളുടെ പിതൃത്വവും ഈ Fixation-ന്റെ ഭാഗമായുള്ള ഒരു അനുബന്ധ സൗജന്യം എന്ന മട്ടിൽ ടിയാൻ ഏറ്റെടുക്കാറുണ്ട്. ജീവിതത്തിലെ ഒരു ഘട്ടത്തിലെ കടുത്ത മനോകാമനയിൽ തറഞ്ഞുപോകുമ്പോൾ അതിൽനിന്നും പുറത്തുകടക്കാനാകാത്ത വൈകൃതമാണ് ഇതിന്റെ പ്രധാന കാരണം. ഹിന്ദുത്വ വൈതാളികവാദം അതിനെ ശക്തിപ്പെടുത്തുന്നു എന്നേയുള്ളു.
എതിരാളികളുടെ പേര് അക്ഷരങ്ങൾ മാറ്റി വിളിക്കുക, എതിരാളികളെ താൻ മലർത്തിയടിച്ചു എന്ന് സ്വയം വീരവാദം മുഴക്കുക തുടങ്ങി ഒരു ജനാധിപത്യ സംവാദ സമൂഹത്തിനു പോയിട്ട്, പക്വമായ ഒരു സദസിൽ പോലും കയറ്റാൻ പറ്റാത്ത സ്വഭാവ വിശേഷങ്ങൾ പ്രകടിപ്പിക്കുന്ന ഒരാളാണ് മലയായികളുടെ വാർത്താ സദസുകളിലെ നിരന്തര സാന്നിധ്യം എന്നത് കേരളം മനോവൈകൃതങ്ങളെക്കുറിച്ചു പുലർത്തുന്ന കുറ്റകരമായ അനാസ്ഥയുടെയും അജ്ഞതയുടേയും ലക്ഷണങ്ങളാണ്.

നിരവധി മുതിർന്ന സ്ത്രീകളുടെ/മറ്റുള്ളവരുടെ അമ്മമാരുടെ ജാരനും അവരുടെ കുട്ടികളുടെ പിതാവുമായി പരസ്യമായി തന്നെ അവതരിപ്പിക്കുന്ന ശ്രീജിത് പണിക്കർ അയാളുടെ മനസിലെ ‘അമ്മ ജാരൻ’ fixation-നു ചികിത്സ തേടിയാൽ കൊള്ളാവുന്നതാണ്. അത് മലയാളികൾക്ക് വലിയ ഉപകാരമായിരിക്കും. നിരവധി കുട്ടികളുടെ പിതാവാവുക എന്ന മറ്റൊരു അടങ്ങാത്ത ആസക്തി നിലവിൽ അക്കാര്യത്തിലുള്ള സംശയത്തിന്റെ ഭാഗമായിട്ടാണ് സാധാരണ ഗതിയിൽ ഇത്തരം മനോവൈകൃത ഭാവനയുള്ളവരിൽ കണ്ടുവരുന്നത്. ഡോക്ടർ, എന്റെ ആയുധത്തിന് നാലിഞ്ച് വലിപ്പമേയുള്ളു ഞാനെന്തു ചെയ്യണം, ഞാനൊരു പരാജയമാണോ ഡോക്ടർ തുടങ്ങിയ സംശയങ്ങളുള്ള വാരികകൾ വായിക്കാതെ, ഒരു തെറാപ്പിസ്റ്റിന്റെ സേവനം തേടിയാൽ ചിലപ്പോൾ ഈ പ്രതികാര വൈകൃതം പരിഹരിക്കാനാകും.